എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ട് വീണ്ടും
എഡിറ്റര്‍
Saturday 23rd June 2012 9:17am

കൊച്ചി: കാണ്ഡഹാറിന് ശേഷം മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ട് വീണ്ടും.’ ദ ചേസ് ‘എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതൊരു കേസന്വേഷണ കഥ തന്നെയാണ്.

കൗമരക്കാര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ‘ദ ചേസ്’ പറയുന്നത്. മൊബൈല്‍ ഫോണിലെ ഒരു മിസ്ഡ് കോളില്‍നിന്നു തുടങ്ങി കോഫിഷോപ്പിലൂടെ വളര്‍ന്ന് ഒടുവില്‍ കിഡ്‌നാപ്പിലേക്ക് വഴിമാറുന്നതും മോഹന്‍ലാലിന്റെ നായകകഥാപാത്രം ആ കേസ് അന്വേഷിക്കാന്‍ എത്തുന്നതുമാണ് ചിത്രം.

മേജര്‍ രവിയുടെ മുന്‍കാല സിനിമകളില്‍ നിന്നു വ്യത്യസ്തമായി നായികമാര്‍ക്കു ഏറെ പ്രസക്തിയുള്ള ചിത്രമാണ് ‘ദ ചേസ്’. ആഗസ്റ്റ് ആദ്യവാരം ‘ദ ചേസി’ന്റെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

കീര്‍ത്തിചക്ര, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ പട്ടാളക്കാരുടെ കഥ പറയുന്ന  ചിത്രങ്ങളിലൂടെയാണ് മേജര്‍ രവി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ കീര്‍ത്തിചക്ര നേടിയെടുത്ത വിജയം പിന്തുടരാന്‍ മറ്റ് ചിത്രങ്ങള്‍ക്കായിട്ടില്ല. ഇതേ തുടര്‍ന്നാണ് മേജര്‍ രവി കളംമാറ്റിയത്.

കേരളാ കഫേ മാതൃകയില്‍ അഞ്ചു സംവിധായകര്‍ ഒരുക്കുന്ന ‘ഒരു യാത്രയില്‍’ എന്ന ചിത്രം മേജര്‍ രവിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. ഈ സിനിമ അടുത്ത മാസം റിലീസ് ചെയ്യും.

Advertisement