ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്ര ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ ചോദ്യം ചെയ്ത ആനന്ദബസാര്‍പത്രിക ഗ്രൂപ്പ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരിയും ദീപക് വര്‍മയുമടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചെങ്കിലും ശിപാര്‍ശകര്‍ നടപ്പാക്കാന്‍ തടസമില്ലെന്നും കോടതി ഉത്തരവിട്ടു.

അന്തിമ തീരുമാനം കോടതി വിധിക്കുവിധേയമായിരിക്കും. കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.