എഡിറ്റര്‍
എഡിറ്റര്‍
മാവോയിസ്റ്റ് : പെരുവണ്ണാമൂഴിയില്‍ തണ്ടര്‍ ബോള്‍ട്ട് ക്യാമ്പ് ആരംഭിക്കുന്നു
എഡിറ്റര്‍
Wednesday 6th November 2013 9:24am

maoist-in-vila

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ വനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍  പ്രത്യേകം പരിശീലനം ലഭിച്ച തണ്ടര്‍ ബോള്‍ട്ടിന്റെ ക്യാമ്പ് പെരുവണ്ണാമൂഴി കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ്.

താട്ടില്‍പാലം, കുറ്റിയാടി, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട് തുടങ്ങിയ വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന സ്‌റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുകയും ഇവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്കുകയും ചെയ്തിട്ടുണ്ട്.

മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ സായുധ ആക്രമണത്തിന് സാധ്യത ഉണ്ടെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം കിഴക്കന്‍ മലയോര മേഖലയില്‍ ഒരാഴ്ച്ചക്കിടെ രണ്ട് തവണ രണ്ട് കേന്ദ്രങ്ങളിലായി മാവോയിസ്റ്റ് സംഘം വന്ന് പോയത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചയാണെന്ന് ആരോപണമുണ്ട്.

പോലീസ് പട്രോളിംഗ് സജീവമായി നടക്കുന്ന നാദാപുരം പോലീസ് ഡിവിഷന്‍ പരിധിയിലെ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് സംഘം സാന്നിധ്യമറിയിച്ചത്.

വയനാടന്‍ കാടുകളിലും മറ്റു പ്രദേശങ്ങളിലും മാവോയിസ്റ്റുകളെ കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് വയനാടിന്റെ അതിര്‍ത്തി പ്രദേശമായ കാവിലുംപാറ ചുരഞ്ഞിയില്‍ കരിങ്കല്‍ ക്വാറിയിലെത്തിയ സംഘം ജെ.സി.ബി. തീവച്ച് നശിപ്പിച്ചതും ക്വാറിക്കും ക്വാറി ഉടമകള്‍ക്കും ഇവരെ സഹായിക്കുന്നവര്‍ക്കുമെതിരേ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്തതും.

തുടര്‍ന്ന് ഒരാഴ്ച തികയുന്നതിനിടയില്‍ സമീപ പഞ്ചായത്തിലും കണ്ണൂര്‍ വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശവും വയനാട് കണ്ണവം വനത്തോടു തൊട്ട് കിടക്കുന്നതുമായ നരിപ്പറ്റ പഞ്ചായത്തിലെ വായാട് കുറിച്യ കോളനിയിലും മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.

Advertisement