മാറ്റിനി എന്ന ചിത്രത്തില്‍ പുകവലിച്ച നടി മൈഥിലി കോടതിയില്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് താരത്തെ കോടതി നല്ല നടപ്പിന് വിധിച്ചു. പുകയില നിയന്ത്രണ നിയമപ്രകാരമാണ് മൈഥിലിയ്‌ക്കെതിരെ ആരോഗ്യവകുപ്പ് കേസ് ഫയല്‍ ചെയ്തത്.

Ads By Google

മാറ്റിനിയുടെ പോസ്റ്ററില്‍ പുകവലിച്ചിരിക്കുന്ന മൈഥിലിയുടെ ഫോട്ടോ ആയിരുന്നു കേസിന് ആധാരം. മൈഥിലിക്ക് പുറമെ സംവിധായകന്‍ അനീഷ് ഉപാസന, നിര്‍മാതാവ് പ്രശാന്ത് നാരായണന്‍ എന്നിവരും കുറ്റം സമ്മതിച്ചു. ഇവര്‍ക്കും കോടതി നല്ല നടപ്പ് വിധിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു കേസ് പരിഗണിച്ചത്.

പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ സിനിമയില്‍ കാണിക്കുമ്പോള്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കാം. എന്നാല്‍ ഇത്തരം രംഗങ്ങള്‍ പോസ്റ്ററില്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഈ നിയമം അവഗണിച്ചാണ് മാറ്റിനിയുടെ പോസ്റ്ററുകള്‍ പതിച്ചത്.

തലസ്ഥാന നഗരത്തില്‍ സ്‌കൂളുകള്‍ക്ക് മുന്നിലും മറ്റിടങ്ങളിലും സ്ഥാപിച്ച പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നീക്കം ചെയ്തിരുന്നു.