ജറുസലേം: ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഫലസ്തീന്‍. ട്രംപിന്റെ നിലപാട് ‘തീക്കളിയാണ്’ എന്നാണ് ഇസ്രഈലി പാര്‍ലമെന്റിലെ ഫലസ്തീനിയന്‍ അംഗമായ ജാമല്‍ സഹാല്‍ക്ക പ്രതികരിച്ചത്.

ട്രംപിന്റെ ഈ നിലപാടിനെ ഫലസ്തീനിയന്‍ നേതൃത്വം അംഗീകരിക്കില്ലെന്ന് ഫലസ്തീനിയന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് വ്യക്തമാക്കി.

‘ഫലസ്തീനിന്റെ എക്കാലത്തേയും തലസ്ഥാനം’ എന്നാണ് ജറുസലേമിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്രഈലി- ഫലസ്തീന്‍ സമാധാന ചര്‍ച്ചയില്‍ യു.എസിന് ഇനി മധ്യസ്ഥം വഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി യു.എസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് അബ്ബാസിന്റെ പ്രതികരണം.

ഫലസ്തീന്‍ അതിര്‍ത്തികള്‍ക്കുമേല്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തിന് കൂട്ടുനില്‍ക്കുകയാണ് ട്രംപ് ഇതുവഴി ചെയ്തിരിക്കുന്നതെന്നും അബ്ബാസ് പറഞ്ഞു.

സമാധാന ചര്‍ച്ചയില്‍ യു.എസിന് യാതൊരു റോളും വഹിക്കാനില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സാബ് എര്‍കാത് പറഞ്ഞു.

‘ഈ മേഖലയെ ട്രംപ് സംഘര്‍ഷതതിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.’ എര്‍കാത് പറഞ്ഞു.

‘തുല്യ അവകാശത്തിനുവേണ്ടി പോരാടുക’ എന്നതു മാത്രമാണ് ഫലസ്തീനികള്‍ക്കു മുമ്പിലുള്ള ഏകവഴിയെന്നും അദ്ദേഹം പറഞ്ഞു. യു.എസ് പ്രസിഡന്റ് ഇതുവരെ സ്വീകരിച്ചതില്‍ ഏറ്റവും അപകടംപിടിച്ച തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.