ജറുസലേം: ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ പലസ്തീന്‍ യുവാക്കള്‍ പ്രാര്‍ത്ഥിക്കാനെത്തുന്നത് വിലക്കിക്കൊണ്ടുള്ള ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുന്നു. അല്‍ അഖ്‌സ പള്ളിയിലെ ഇസ്രയേല്‍ നിയന്ത്രണത്തിനെതിരെയും പലസ്തീന്‍ പൗരന്മാര്‍ക്കുനേരെയുള്ള ആക്രമണത്തിനെതിരെയും ലോകരാജ്യങ്ങള്‍ രംഗത്തെത്തി.

അല്‍ അഖ്‌സയില്‍ മുസ്‌ലിങ്ങള്‍ പ്രവേശിക്കുന്നത് തടയുന്ന നടപടി സ്വീകാര്യമല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റസിപ് തയിബ് എര്‍ദോഗാന്‍ പ്രതികരിച്ചു. വിശ്വാസികള്‍ക്കു മുന്നില്‍ പള്ളി അടച്ചിട്ട നടപടി അപലപനീയമാണെന്ന് ലബനന്‍ പ്രധാനമന്ത്രി മൈക്കല്‍ഓണും പറഞ്ഞു.

മെറ്റല്‍ ഡിക്ടറ്ററുകള്‍ മാറ്റുന്നത് വരെ ഇസ്രയേലുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും മരവിപ്പിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഉത്തരവിട്ടു. ഇപ്പോള്‍ ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ സുരക്ഷാ സഹകരണത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. അല്‍ അഖ്സ പള്ളിയില്‍ എടുത്ത നടപടികള്‍ പിന്‍വലിക്കണമെന്നും പുര്‍വസ്ഥിതി നിലനിര്‍ത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Dont Miss ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ പേരില്‍ വ്യാജ രസീത് അടിച്ച് പണം പിരിച്ചു; സംസ്ഥാന കമ്മിറ്റി അംഗം എം. മോഹനനെതിരെ ആരോപണം


അല്‍ അഖ്‌സ പള്ളിയ്ക്ക് സമീപമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ കടുത്ത ഉല്‍ക്കണ്ഠയുള്ളതായി വൈറ്റ് ഹൌസ് പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജോര്‍ദാന്‍ വിദേശമന്ത്രി അയ്മന്‍ അല്‍ സഫാദിയും പ്രതികരിച്ചു.

മെറ്റല്‍ ഡിറ്റക്റ്ററുകളടക്കമുള്ള നിയന്ത്രണങ്ങളിലൂടെ മുസ്‌ലീങ്ങളെ മസ്ജിദുല്‍ അഖ്സയില്‍ നിന്ന് അകറ്റാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഫലസ്തീന്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

അഖ്സയെ ഇസ്രായേല്‍ പരമാധികാരത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാക്കാനാണു ശ്രമമെന്ന് ഫലസ്തീന്‍ ആരോപിക്കുന്നു. കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ കൈയേറ്റത്തിന്റെ ഭാഗമായാണ് അഖ്സയിലെ നിയന്ത്രണങ്ങള്‍. കുറുക്കുവഴികളിലൂടെ അഖ്സയുടെ നിയന്ത്രണം കൈക്കലാക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഭയപ്പെടുന്നതായും ഫലസ്തീന്‍ സംഘടനകള്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ മുതല്‍ കിഴക്കന്‍ ജറുസലേമിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരുന്നു. അല്‍ അഖ്‌സ പള്ളി നില്‍ക്കുന്ന മേഖലയില്‍ 3000 ഇസ്രയേല്‍ പൊലീസുകാരെയും അതിര്‍ത്തി പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

അല്‍ അഖ്‌സ പള്ളിയില്‍ മെറ്റല്‍ ഡിറ്റക്ടറുകളും ചാരക്യാമറകളും സ്ഥാപിച്ചതിനു പിന്നാലെയാണ് 50 വയസ്സില്‍ താഴെയുള്ള മുസ്‌ലീം പൗരന്മാര്‍ പള്ളിയുടെ ഭാഗത്തേക്ക് എത്തുന്നത് ഇസ്രയേല്‍ വിലക്കിയത്.

ഫലസ്ഥീനികള്‍ മസ്ജിദിനടുത്തെത്തുമ്പോള്‍ സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് തടയുകയും ഇസ്രയേലുകാര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും ജറൂസലമില്‍ തുടരുകയാണ്.

പ്രാര്‍ഥനാസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡിക്ടറ്ററുകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ കയറാന്‍ വിസമ്മതിച്ചിരുന്നു. പള്ളിയോട് ചേര്‍ന്ന് ഇടുങ്ങിയ തെരുവുകളില്‍ അവര്‍ തടിച്ചുകൂടുകയായിരുന്നു. ഇസ്രയേലിന്റെ നിയന്ത്രണങ്ങള്‍ തങ്ങള്‍ തള്ളിക്കളയുകയാണെന്ന് മുസ്‌ലീം പുരോഹിതന്‍ ഗ്രാന്റ് മുഫ്തി മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലുമായി 140 പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അല്‍ അഖ്‌സയ്ക്ക് സമീപം ഒരാഴ്ചമുമ്പ് ഇസ്രയേല്‍ വെടിവയ്പ് നടത്തിയതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മസ്ജിദുല്‍ അഖ്സയ്ക്കുപുറമേ ജറുസലേം പഴയ നഗരത്തിലെ മറ്റു പ്രദേശങ്ങളും പ്രവേശനവിലക്കിന്റെ പരിധിയിലുള്‍പ്പെടുമെന്നും മുസ്ലിം സ്ത്രീകള്‍ക്ക് പ്രവേശനത്തിനു പ്രായപരിധിയില്ലെന്നും ഇസ്രായേല്‍ പോലിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മെറ്റല്‍ ഡിറ്റക്റ്ററുകള്‍ മാറ്റുന്ന കാര്യത്തില്‍ പോലിസാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് ഇസ്രായേല്‍ സുരക്ഷാ മന്ത്രാലയം പ്രതികരിച്ചു.

ജൂലൈ 14ന് ജറുസലേമിലെ പഴയ നഗരത്തില്‍ രണ്ട് ഇസ്രയേലി പൊലീസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. മുസ്‌ലീങ്ങളുടെ ഏറ്റവും വലിയ മൂന്നാമത്തെ ആരാധനാലയമായ അഖ്സ പള്ളി.

മക്കയും മദീനക്കും ശേഷം മുസ്‌ലീങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള അല്‍-അഖ്സ മസ്ജിദില്‍ പ്രാര്‍ത്ഥനക്ക് പോലും പ്രവേശനം നല്‍കാത്തത് ഇസ്രയേലി സര്‍ക്കാറിന്റെ ക്രൂരതയായാണ് പൊതു വിലയിരുത്തല്‍.