എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്ര ഡ്യൂറോ ഇനി ഇന്റര്‍നെറ്റ് വഴിയും
എഡിറ്റര്‍
Sunday 20th January 2013 12:12pm

വിപണിയില്‍ പുതുമയാര്‍ന്ന വില്‍പ്പന തന്ത്രം പരീക്ഷിക്കുകയാണ് മഹീന്ദ്ര. ടൂവിലര്‍ മോഡലായ ഡ്യൂറോയുടെ വില്‍പ്പനയക്കാണ് കമ്പനി പുതിയ വഴി തേടുന്നത്.

ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് മഹീന്ദ്ര ഇരുചക്രവാഹന വില്‍പ്പന മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇലക്‌ട്രോണിക് വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡീല്‍ ഡോട്ട് കോം എന്ന സൈറ്റ് മുഖേനയാണ് മഹീന്ദ്ര വില്‍പ്പനയ്‌ക്കെത്തുന്നത്.

Ads By Google

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ‘ഡ്യൂറോ വാങ്ങുന്നവര്‍ക്ക് 6,000 രൂപയുടെ വിലക്കിഴിവും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 43,985 രൂപയാണ് ‘ഡ്യൂറോയുടെ ഷോറൂം വില.

ഉപയോക്താക്കളെ ഷോറൂമിലേക്ക് വരുത്തിച്ച് കാറും ബൈക്കും വില്‍ക്കുന്ന ഇക്കാലമത്രയും കാണുന്ന വിപണന തന്ത്രമാണ് ഇപ്പോള്‍ മഹീന്ദ്ര തിരുത്തിയെഴുതുന്നത്.

2009ല്‍ചെക്ക് നിര്‍മാതാക്കളായ സ്‌കോഡയും ഇന്റര്‍നെറ്റ് വഴി കാര്‍ വില്‍ക്കാനുള്ള സാധ്യത പരീക്ഷിച്ചിരുന്നു.  കോംപാക്ട് ഹാച്ച് ബാക്കായ ‘ഫാബിയ ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പനയ്ക്കു വച്ചപ്പോള്‍ കമ്പനി 50,000 രൂപയുടെ വിലക്കിഴിവാണ്‌ വാഗ്ദാനം ചെയ്തത്.

ഇന്റര്‍നെറ്റിന്റെ പ്രചാരമേറിയതോടെ ഇന്ത്യയില്‍ ഇലക്‌ട്രോണിക് വാണിജ്യ മേഖല തഴച്ചുവളരുന്നുണ്ടെങ്കിലും വാഹന വ്യാപാരത്തിന്റെ കാര്യത്തില്‍ ഇതുവരെ അതിന്റെ സാധ്യതകള്‍ പലരും പ്രയോജനപ്പെടുത്തിയിരുന്നില്ല.

ഇന്റര്‍നെറ്റ് മുഖേന ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ‘ഡ്യൂറോ വീട്ടിലെത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. സ്‌നാപ്ഡീല്‍ ഡോട്ട് കോം വഴി വാഹനം വാങ്ങുന്നവര്‍ സമര്‍പ്പിക്കേണ്ട അടിസ്ഥാന രേഖകളും മറ്റും വീട്ടിലെത്തി ഏറ്റുവാങ്ങാന്‍ കമ്പനി എക്‌സിക്യൂട്ടീവുകളെയും മഹീന്ദ്ര നിയോഗിച്ചിട്ടുണ്ട്.

സ്‌കൂട്ടര്‍ വില ഒരുമിച്ച് നല്‍കാനും മൂന്നോ ആറോ തവണകളായി അടയ്ക്കാനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്; തവണകളായി പണം അടയ്ക്കുന്നവരോട് പലിശയും ഈടാക്കില്ല. രേഖകള്‍ സമര്‍പ്പിച്ച് പണവും അടച്ചു കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുത്തന്‍ ‘ഡ്യൂറോ വീട്ടിലെത്തും.

ഉത്സവകാലത്ത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഇന്റര്‍നെറ്റ് വഴിയുള്ള കാര്‍ വില്‍പ്പനയുമായി രംഗത്തിറങ്ങാറുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കു നാട്ടില്‍ താമസിക്കുന്ന ബന്ധുക്കള്‍ക്ക് കാര്‍ സമ്മാനമായി നല്‍കാനുള്ള അവസരമാണ്‌ കമ്പനി സാധാരണ ലഭ്യമാക്കാറുള്ളത്.

Advertisement