Categories

ബോളിവുഡില്‍ മഹിമയുടെ രണ്ടാമൂഴം

മുംബൈ:രണ്ടരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മഹിമ ചൗധരി ബോളിവുഡിലേക്ക്് തിരിച്ചെത്തുന്നു. വില്‍ഫ്രെഡ് ലോബോ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഹിമ തിരിച്ചുവരവിനൊരുങ്ങുന്നത്.

ഓംപുരി നായകനാകുന്ന ചിത്രത്തില്‍ അമ്മ വേഷമാണ് മഹിമയ്ക്ക്. മുംബൈ-ദി ഗാങ്‌സ്റ്റേഴ്‌സ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സഞ്ജയ്പുരി, ആര്യ ബബ്ബര്‍ എന്നിവരും അഭിനയിക്കുന്നു.

1997 ല്‍ സുഭാഷ് ഘായുടെ പര്‍ദേശ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അരങ്ങേറ്റം. ചിത്രത്തില്‍ ഷാരുഖിന്റെ നായികയായി തിളങ്ങിയ മഹിമയ്ക്ക് പിന്നീട് അവസരങ്ങള്‍ക്കായി അന്വേഷിക്കേണ്ടിവന്നിട്ടില്ല. സുഭാഷ് ഘായുടെ നിര്‍ദേശപ്രകാരം റിതു ചൗധരി എന്ന പേര് മഹിമയെന്നാക്കി മാറ്റി.

ദാഗ്, പ്യാര്‍ കോയി ഖേല്‍ നഹി, ധഡ്കന്‍, ദീവാനെ, ദോബാര, സമീര്‍, കുരുക്ഷേത്ര, ലജ്ജ, യെ തേരാ ഘര്‍ യെ മേരാ ഘര്‍, ഓം ജയ് ജഗദീഷ്, ദില്‍ ഹെ തുമാരാ തുടങ്ങിയ ചിത്രങ്ങള്‍ വേഷങ്ങള്‍ അവരെ ബോളിവുഡിന്റെ മുന്‍നിരനായികയാക്കി. ഗ്ലാമര്‍വേഷങ്ങള്‍മാത്രമല്ല, അഭിനയപ്രാധാന്യമുള്ള വേഷങ്ങളും തനിക്ക് ചെയ്യാനാകുമെന്ന് മഹിമ തെളിയിച്ച വേഷങ്ങളായിരുന്നു ഇവ. പുതുമുഖനായികമാരുടെ രംഗപ്രവേശം മഹിമയുടെ കരിയറിനെ ബാധിച്ചില്ല. എന്നാല്‍ കിട്ടിയ വേഷങ്ങളിലെല്ലാം അഭിനയിച്ചതിനാല്‍ ചിത്രങ്ങള്‍ പലതും പരാജയമായി.

2008 ല്‍ പുറത്തിറങ്ങിയ ഗുനാം-ദി മിസ്റ്ററിയാണ് മഹിമ അവസാനം അഭിനയിച്ച ചിത്രം. ഈ ചിത്രം വന്‍പരാജയമായിരുന്നു. തുടര്‍ന്ന് ഇവര്‍ അഭിനയംനിര്‍ത്തി കുടുംബജീവിതത്തിലേക്കു തിരിഞ്ഞു.

തിരിച്ചുവരവില്‍ അമ്മയുടെ വേഷം അഭിനയിക്കാന്‍ ലഭിച്ചതില്‍ താനേറെ സന്തുഷ്ടയാണെന്നും അഭിനയപ്രാധാന്യമുള്ള ചിത്രം ലഭിക്കാതിരുന്നതിനാലാണ് സിനിമയില്‍നിന്നും വിട്ടുനിന്നതെന്നും മഹിമ പറഞ്ഞ. ബംഗാളിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.