എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി കേസ്: നിയമസഭയ്ക്ക് മുന്നില്‍ മഹിളാ അസോസിയേഷന്‍ മാര്‍ച്ച്, സംഘര്‍ഷം
എഡിറ്റര്‍
Wednesday 6th February 2013 10:20am

തിരുവനന്തപുരം:  സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ രാജിആവശ്യപ്പെട്ട്  മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭക്ക് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

Ads By Google

പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, എം.എല്‍.എമാരായ കെ.കെ.ലതിക, അയിഷ പോറ്റി, ടി.എന്‍.സീമ എം.പി, ജെ.അരുന്ധതി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.

മഹിളാ അസോസിയേഷന്റെ മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ പോലീസ് തടഞ്ഞു. ഏതാനും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പി.കെ ശ്രീമതിയുള്‍പ്പെടെയുള്ള നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

മാര്‍ച്ചിനെക്കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ഏതാനും പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇതിനാല്‍ പ്രവര്‍ത്തകര്‍ നിയമസഭാ കവാടത്തിലേക്ക് തള്ളിക്കയറി. പിന്നീട് കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഏകദേശം 50ഓളം വരുന്ന പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. നിയമസഭാസമ്മേളനം നടക്കുന്ന സാഹചര്യത്തിലായിരുന്നു നിയമസഭയ്ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സി.പി.ഐ.എം വനിതാ എം.എല്‍.എമാരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

ഇതേസമയം വനിതാപ്രവര്‍ത്തകരെ തടയുന്നതില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായി. നിയമസഭാ ഗേറ്റ് കടന്ന പ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ വരെയെത്തി. തുടര്‍ന്ന് വനിതാപോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു.

അറസ്റ്റ് ചെയ്തവരെ തിരിച്ചുകൊണ്ടുവരുന്നതുവരെ റോഡില്‍ ഉപരോധസമരം തുടരുമെന്ന് പി.കെ ശ്രീമതി അറിയിച്ചു. കോണ്‍ഗ്രസിലെ നേതാവിനെതിരായ ആരോപണമായതുകൊണ്ടാണ് മുഖ്യമന്ത്രി നടപടിയെടുക്കാന്‍ വൈകുന്നത്. ഇത് അംഗീകരിച്ചുതരില്ല.

ജനം പറയുന്നത് കേട്ട് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നെ പി.ജെ കുര്യന്‍ പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കാന്‍ കഴിയുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്.

കേസില്‍ തുടരന്വേഷണം നടത്തണം. അതില്‍ പി.ജെ കുര്യനെ ഉള്‍പ്പെടുത്തണം. അദ്ദേഹം എന്തിന് കേസിനെ ഭയപ്പെടണം. അദ്ദേഹം വിചാരണ നേരിടട്ടെ. ഇതുവരെ അദ്ദേഹം വിചാരണ നേരിട്ടിട്ടില്ലല്ലോ, വിഷയത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണം. അതുവരെ അദ്ദേഹം ആ സ്ഥാനത്തിരിക്കരുത്.

തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കുന്ന ഗവര്‍മെന്റാണ് ഇവിടെയുള്ളത്. ഈ ഗവണ്‍മെന്റിന്റെ വാക്ക് കേട്ട് പ്രതികരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. പി.ജെ കുര്യനെ കേസില്‍ ഉള്‍പ്പെടുത്തുന്നതുവരെ പ്രതിഷേധപ്രകടവനവുമായി മുന്നോട്ട് പോകുമെന്നും ശ്രീമതി അറിയിച്ചു.

Advertisement