എഡിറ്റര്‍
എഡിറ്റര്‍
മഹിക്ക് കണ്ണീരോടെ വിട
എഡിറ്റര്‍
Sunday 24th June 2012 2:00pm

മനേസാര്‍ : ഹരിയാനയിലെ മനേസാറില്‍ കുഴല്‍ കിണറില്‍ വീണ നാലു വയസുകാരി മഹിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 86 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ മഹിയെ കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

നാലു ദിവസത്തോളം വെള്ളം പോലും കിട്ടാതെ എഴുപത് അടിയിലേറെ താഴ്ചയുള്ള കുഴല്‍ക്കിണറിലുള്ള കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ആദ്യമേ സംശയമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരാണ് മഹിയുടെ മരണം സ്ഥിരീകരിച്ചത്. തുടക്കത്തില്‍ കുട്ടി ഉറക്കെ കരഞ്ഞ് ശബ്ദമുണ്ടാക്കിയിരുന്നു. പുറത്തെടുത്ത ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. കുഴല്‍ക്കിണറിനകത്തു വെച്ചുതന്നെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ സ്ഥിരീകരണം.

കുഴല്‍ക്കിണറിന് എട്ട് അടി അകലെ സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. വെള്ളിയാഴ്ച ഈ സമാന്തര കുഴിയില്‍ നിന്ന് കുട്ടി അകപ്പെട്ട കുഴല്‍ കിണറിലേക്ക് തുരങ്കം നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും വലിയൊരു പാറ തടസ്സമാകുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതകുറച്ചിരുന്നു. സൈന്യമടക്കം വന്‍ രക്ഷാ സംഘം കുട്ടിയുടെ രക്ഷക്കായി മനേസറില്‍ എത്തിയിരുന്നു.

Advertisement