എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്റെ കൊലപാതകം അത്യധികം ഹൃദയഭേദകം: മഹാശ്വേതാദേവി
എഡിറ്റര്‍
Saturday 12th May 2012 9:26pm

കോഴിക്കോട്:  ചന്ദ്രശേഖരന്റെ കൊലപാതകം അത്യധികം ഹൃദയഭേദകമാണെന്നും അതിനെതിരെ അതിശക്തമായ പ്രതിഷേധമുയരണമെന്നും പ്രശസ്ത ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ മഹാശ്വേതാദേവി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന ‘കൊലപാതക രാഷ്ട്രീയത്തിനെതിരെ സാംസ്‌ക്കാരിക കേരളം, ജനകീയ പ്രതിരോധം’ എന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. രാവിലെ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മഹാശ്വേതാദേവി കോഴിക്കോട്ടെത്തിയത്.

ചന്ദ്രശേഖരന്റെ കൊലപാതകം ഹൃദയഭേതകമാണെന്നും അതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും മഹാശ്വേതാദേവി അഭിപ്രായപ്പെട്ടു. ‘അധികാര കേന്ദ്രങ്ങളിലുള്ളവര്‍ക്ക് അദ്ദേഹത്തെ നിശബ്ദരാക്കണമായിരുന്നു. അവര്‍ അത് ചെയ്തു. ഇതിനെതിരെ പ്രതികരാക്കാതെ ഇരിക്കാനാവില്ല’; അവര്‍ വ്യക്തമാക്കി.

മംഗത് റാം പസ്‌ല (സി.പി.എം പഞ്ചാബ്), സാറാ ജോസഫ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, കല്‍പ്പറ്റ നാരായണന്‍, എന്‍. പ്രഭാകരന്‍, ഞെരളത്ത് ഹരിഗോവിന്ദന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പി.കെ.ഗോപി, ഉമേഷ് ബാബു കെസി, എം.പി.വീരേന്ദ്രകുമാര്‍, എന്‍ വേണു, പി ഗീത, കെ അജിത, ടി.എല്‍ സന്തോഷ്, എം.കെ. മുനീര്‍, എന്നിവര്‍ സംസാരിച്ചു.

മഹാശ്വേതാദേവിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
ചന്ദ്രശേഖരന്റെ അതിക്രൂരമായ കൊലപാതകവാര്‍ത്തയറിഞ്ഞാണ് ഞാനിവിടെ എത്തിച്ചേര്‍ന്നത്. എന്റെ പേഴ്‌സണല്‍ സെക്രട്ടറിയും പുതിയ എഴുത്തുകാരിയുമായ ജയ ഭദ്ര് എന്റെ കൂടെയുണ്ട്. എന്റെ നീണ്ടകാലത്തെ സുഹൃത്തായ ജോഷി ജോസഫ് ആണ്. കേരളത്തില്‍ വന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹം കാരണമാണ് ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. ഇവിടേയ്ക്ക് എന്നെ ക്ഷണിച്ചവര്‍ക്ക് നന്ദി.

ഞാന്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ അമ്മയെയും സഹോദരങ്ങളെയും ഭാര്യയെയും മകനെയുമൊക്കെ കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കൊലപാചതകം അത്യധികം ഹൃദയഭേദകമായിരുന്നു. പറയാനാവാത്ത വിധം ഹൃദയഭേദകമായിരുന്നു.

എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത് നിങ്ങളുടെ നാടാണ്. നിങ്ങളുടെ സംസ്ഥാനമാണ്, ചന്ദ്രശേഖരന്‍ നിങ്ങളില്‍പ്പെട്ടൊരാളാണ്. ഈ സമയത്ത് എന്റെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് തന്നെ പറയട്ടെ ഉണര്‍ന്നെഴുന്നേല്‍ക്കൂ, പ്രതിഷേധിക്കൂ.

നമ്മളിവിടെ കൂടിയിരിക്കുന്നത് ചന്ദ്രശേഖരന് അഭിവാദ്യമര്‍പ്പിക്കാനാണ്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ പറ്റി പുതുതായി ഒന്നും പറയാനില്ല. അധികാര കേന്ദ്രങ്ങള്‍ക്ക് അദ്ദേഹത്തെ നിശബ്ദനാക്കേണ്ടതുണ്ട്. അവരത് ചെയ്തു.

ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നത് പ്രതിഷേധിക്കൂ, പ്രതിഷേധിക്കൂ വീണ്ടു പ്രതിഷേധിക്കൂ എന്നാണ്. ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല. നമുക്ക് ജീവിക്കണമെങ്കില്‍, നമ്മുടെ പുതു തലമുറയ്ക്ക് ജീവിക്കണമെങ്കില്‍ ഈ ഒരു സന്ദേശമാണ് ചന്ദ്രശേഖരന്റെ കൊലപാതകം നമുക്ക് നല്‍കുന്നത്.

ഇതൊരു സാമൂഹ്യ കുറ്റകൃത്യമാണ്. തീര്‍ത്തും നീതി രഹിതമായി അദ്ദേഹത്തെ അവര്‍ കൊന്നിരിക്കുന്നു. അതുകൊണ്ട് ഞാന്‍ വീണ്ടും പറയുന്നു. എഴുന്നേല്‍ക്കൂ. പ്രതിഷേധിക്കൂ. നിങ്ങള്‍ നിങ്ങളെ മാത്രം പറ്റി ചിന്തിക്കാതിരിക്കൂ.

Advertisement