Categories

സ്ഥാമൊഴിയാന്‍ ഗഡ്കരിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം

മുംബൈ: സ്ഥാനമൊഴിയാന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കുമേല്‍ സമ്മര്‍ദ്ദം. ഗഡ്കരിക്കുകീഴില്‍ ദേശീയനിര്‍വാഹകസമിതി അംഗമായി തുടരാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ മഹേഷ് ജെത്മലാനി രാജിവെച്ചു. ഇത് ഗഡ്കരിക്കും ബി.ജെ.പിക്കും തിരിച്ചടിയായി.

രാജ്യസഭാ എം.പി. യായ മഹേഷിന്റെ അച്ഛന്‍ രാം ജെത് മലാനി ഗഡ്കരിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മകന്‍ മഹേഷും ഇതേ ആവശ്യത്തിനുള്ള സമ്മര്‍ദവുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗഡ്കരി രാജിവെക്കണമെന്നും അധ്യക്ഷസ്ഥാനത്ത് രണ്ടാമൂഴത്തിന് ശ്രമിക്കരുതെന്നും രാം ജെത്മലാനി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്നയാളാണ് രാം ജെത്മലാനി.

Ads By Google

‘താങ്കള്‍ അധ്യക്ഷനായിരിക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹകസമിതിയംഗമായി തുടരുന്നത് ധാര്‍മികമായും ബൗദ്ധികമായും ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന ഒറ്റവരി വാചകം മാത്രമാണ് മഹേഷിന്റെ രാജിക്കത്തിലുള്ളത്. ഗഡ്കരിയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം ഇതുവരെയുണ്ടായിട്ടില്ലെന്നും മനസ്സാക്ഷി സംതൃപ്തമല്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നുമാണ് മഹേഷ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാജിവെച്ചെങ്കിലും തുടര്‍ന്നും പാര്‍ട്ടിയെ സേവിക്കുമെന്നും മഹേഷ് വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം കമ്പനിയായ പുര്‍ത്തി ഷുഗര്‍ ആന്‍ഡ് പവറിന്റെ സാമ്പത്തികസ്രോതസ്സുകളെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് പ്രധാനമായും ഗഡ്കരിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരുടേതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച മേല്‍വിലാസങ്ങളില്‍ മിക്കതും വ്യാജമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതെക്കുറിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസും ആദായനികുതി വകുപ്പും അന്വേഷണമാരംഭിച്ചു.

ഗഡ്കരിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്ന് വ്യക്തിപരമായി വിശദീകരണം തേടിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മഹേഷ് ജെത്മലാനിയുടെ മറുപടി. ഇതിനകം പുറത്തുവന്നിട്ടുള്ള വിശദീകരണങ്ങളെ ആസ്പദമാക്കി തന്റേതായ നിരീക്ഷണങ്ങളിലെത്തുകയായിരുന്നുവെന്നും മഹേഷ് പറഞ്ഞു.

ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി മഹേഷ് പറഞ്ഞു. മഹേഷ് ജെത്മലാനി ഇപ്പോള്‍ പറഞ്ഞിട്ടുള്ളത് രണ്ടാഴ്ച മുമ്പ് അച്ഛന്‍ രാം ജെത്മലാനി പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ തുടര്‍ച്ചയാണ്.

Tagged with: |