ബാംഗ്ലൂര്‍: വെററ്റന്‍ താരം മഹേഷ് ഭൂപതിയില്ലാതെ ഇന്ത്യയുടെ ഡേവിസി കപ്പ് ടീം. അടുത്തമാസം നടക്കുന്ന ഏഷ്യ ഓഷ്യാനിയ ഗ്രൂപ്പ് ഒന്നില്‍ ഉസ്‌ബെകിസ്താനെ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് ഭൂപതി സ്വയം പിന്മാറുകയായിരുന്നു. ഒന്നരപതിറ്റാണ്ടോളം ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന മഹേഷ് ഭൂപതി പുതിയ തലമുറയ്ക്ക് അവസരം നല്‍കുന്നതിന് വേണ്ടി പിന്‍മാറുകയായിരുന്നുവെന്നാണ് സൂചന. ഇതോടെ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനൊപ്പം രോഹന്‍ ബൊപ്പണ്ണയെത്തും.

ലിയാണ്ടര്‍ പേസ്, രോഹന്‍ ബൊപ്പണ്ണ, യുകിം ബാംബ്രി , സനം സിങ് എന്നിവരാണ് ടീമിലുള്ളത്. വിഷ്ണുവര്‍ധനയെ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിക്കുമൂലം സോംദേവ് ദേവ് വര്‍മ്മനെ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ സെക്രട്ടറി അനില്‍ ഖന്ന പറഞ്ഞു. എസ്.പി മിശ്രയാണ് ക്യാപ്റ്റന്‍.

പേസും ബൊപ്പണ്ണയും മികച്ച ജോഡിയാണെന്ന് ഭൂപതി കരുതുന്നതായും അനില്‍ഖന്ന പറഞ്ഞു. രോഹന്‍ ബൊപ്പണ്ണയ്ക്ക് സിംഗിള്‍സിലും മത്സരിക്കാന്‍ അവസരം ലഭിച്ചേക്കും. അതേസമയം ഒളിംപിക്‌സില്‍ കളിക്കാന്‍ തയ്യാറാണെന്ന് ഭൂപതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പേസ് ബൊപ്പണ്ണ ജോഡി മത്സരിക്കുന്നതാണ് ഗുണകരമെന്നാണ് ഭൂപതി തന്നെ വ്യക്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയ പേസും ഡബിള്‍സില്‍ എട്ടാം സ്ഥാനത്തുള്ള ബോപ്പണ്ണയും മികച്ച ജോഡികളാകും. രാജ്യത്തിനായി ലണ്ടന്‍ ഒളിംപിക്‌സ് മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് രോഹന്‍ ബൊപ്പണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടുത്തിടെ മഹേഷ് ഭൂപതിയ്‌ക്കൊപ്പം ദോഹ ഓപ്പണ്‍ ഡബിള്‍സില്‍ കിരീടം നേടിയ ബൊപ്പണ്ണ ഒളിംപിക്‌സ് യോഗ്യത നേടിക്കഴിഞ്ഞു. കഴിഞ്ഞ 17 വര്‍ഷമായി ടെന്നിസ് കോര്‍ട്ടിലുള്ള മഹേഷ് ഭൂപതിയില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചെടുക്കാനായെന്നും ബൊപ്പണ്ണ പറഞ്ഞു.

Malayalam news

Kerala news in English