എഡിറ്റര്‍
എഡിറ്റര്‍
മഅദനി ജയിലില്‍ കുഴഞ്ഞുവീണു: വേട്ടയാടല്‍ കര്‍ണാടക സര്‍ക്കാരിന്റെ ഹോബിയെന്ന് മഅദനി ഫോറം
എഡിറ്റര്‍
Friday 29th November 2013 8:41am

mahdani

ബംഗളൂരു/കൊച്ചി: ബംഗളൂരു സ്‌ഫോടനക്കേസില്‍ ബംഗളൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ജയിലില്‍ കുഴഞ്ഞു വീണു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

ജയില്‍ അധികൃതരും സഹതടവുകാരും ചേര്‍ന്ന് അദ്ദേഹത്തെ ജയില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ജയിലിലേയ്ക്ക് മാറ്റി.

മൂന്ന് വര്‍ഷം മുമ്പ് അഗ്രഹാര ജയിലില്‍ എത്തിയതു മുതല്‍ അദ്ദേഹത്തിന്റെ പ്രമേഹം അനിയന്ത്രിതമാണ്. മുമ്പ് പല തവണയും അദ്ദേഹം ജയിലില്‍ കുഴഞ്ഞുവീണിട്ടുണ്ട്.

പ്രമേഹം നിയന്ത്രണവിധേയമല്ലാത്തത് കൊണ്ടുതന്നെ അദ്ദേഹത്തിന്റെ കണ്ണിന് ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് നിയന്ത്രണത്തിലാക്കാന്‍ പ്രമേഹരോഗ വിദഗ്ധനായ ഡോക്ടറുടെ കീഴില്‍ ചികിത്സ നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജയിലില്‍ മഅദനിയ്ക്ക് പ്രത്യേക സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞ 18-ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അതും നടപ്പിലായിട്ടില്ല.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ജയിലധികൃതര്‍ക്ക് ലഭിച്ചെന്നും മഅദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനുളള നടപടികള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം മഅദനിയെ വേട്ടയാടുന്നത് കര്‍ണാടക സര്‍ക്കാര്‍ ഹോബിയാക്കിയിരിക്കുകയാമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ആരോപിച്ചു. നിരവധി രോഗങ്ങളാല്‍ യാതന അനുഭവിക്കുന്ന മഅദനിയ്ക്ക് ഇപ്പോള്‍ ആവശ്യം ചികിത്സയാണെന്നും അതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമാണ് കോടതി  പറഞ്ഞത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ കോടതി ഉത്തരവിന്റെ ഗൗരവം നഷ്ടപ്പെടുത്തി.

സാക്ഷികളെ ഹാജരാക്കാതെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഫോറം നേതാക്കള്‍ പറഞ്ഞു.

Advertisement