എഡിറ്റര്‍
എഡിറ്റര്‍
മഅദനിക്കെതിരെ സാക്ഷികളെ ഹാജരാക്കിയില്ല, പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷ വിമര്‍ശനം
എഡിറ്റര്‍
Wednesday 27th November 2013 7:48am

abdul-nasar-madani

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ സാക്ഷികളെ ഹാജരാക്കാതിരുന്ന പ്രോസിക്യൂഷന് പ്രത്യേക കോടതിയുടെ രൂക്ഷ വിമര്‍ശനം.

പ്രോസിക്യൂഷന് സാക്ഷികളെ ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടതിയ്ക്ക് ഇനി സമന്‍സ് പുറപ്പെടുവിക്കാനാവില്ലെന്ന് ജഡ്ജി ബി. ബസവരാജ് പറഞ്ഞു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് സമന്‍സ് പുറപ്പെടുവിക്കുന്നത്. സാക്ഷികളെ ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടതിയ്ക്ക് വിചാരണയുടെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കേണ്ടി വരുമെന്നും ജഡ്ജി വ്യക്തമാക്കി.

വിചാരണയെ തടസ്സപ്പെടുത്തുന്ന ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ഇക്കാരണത്താല്‍ വിചാരണ നീട്ടിക്കൊണ്ടു പോകാനും കഴിയില്ല. കര്‍ണാടക ഹൈക്കോടതിയും  സുപ്രീം കോടതിയും സ്‌ഫോടനക്കേസ് പരിഗണിച്ചതിനാല്‍ വിചാരണയെ തടസ്സപ്പെടുത്തുന്ന ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മഅദനി തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ നടന്ന വിചാരണ വേളയിലാണ് ഒരു സാക്ഷി പോലും എത്താതിരുന്നത്. സാക്ഷികള്‍ക്ക് നേരത്തെ കോടതി സമന്‍സയച്ചിരുന്നു.

കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. സീതാറാമിന് കഴിഞ്ഞില്ല. മഅദനിയ്ക്ക് വേണ്ടി അഡ്വ. പി. ഉസ്മാന്‍ ഹാജരായി.

അതേ സമയം മഅദനിയുടെ ചികിത്സ സംബന്ധിച്ച സുപ്രീം കോടതി നിര്‍ദ്ദേശം പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയെ ധരിപ്പിച്ചില്ല. കഴിഞ്ഞ 18-ാം തീയതിയാണ് ചികിത്സയ്ക്കായി മഅദനിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

Advertisement