കൊളംബോ: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ശ്രീലങ്കയില്‍ തകര്‍ത്തു. സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ തലവന്‍ ബ്രിട്ടണിലെ റോബര്‍ട്ട് ബാഡന്‍ പവലിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കെതിരെയും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് കരുതുന്നത്. കൊളംബോയ്ക്ക് 30 കിലോമീറ്റര്‍ അകലെയുള്ള ബട്ടിക്കാലോ നഗരത്തിലാണ് പ്രതിമകള്‍ തകര്‍ക്കപ്പെട്ടത്.

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ലങ്കന്‍ പോലീസ് വക്താവ് അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശികമായ രണ്ട് നേതാക്കളുടെ പ്രതിമകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള യു.എന്‍ പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ശ്രീലങ്കയെ പിന്തുണച്ചിരുന്ന ഇന്ത്യ നിലപാട് മാറ്റിയത് ലങ്കയിലെ സിംഹള വംശജര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ശ്രീലങ്കയിലെ വംശീയ യുദ്ധസമയത്ത് 40,000 സാധാരണക്കാരെ ലങ്കന്‍ പട്ടാളം കൊലപ്പെടുത്തിയെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍ പട്ടാളക്കാര്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.