ലണ്ടന്‍: ഭീകരവാദിയുടെ വെടിയേറ്റ് പിടഞ്ഞുവീണ മഹാത്മാഗാന്ധിയുടെ രക്തം പുരണ്ട മണ്ണും പുല്‍നാമ്പുകളും ലണ്ടനില്‍ ലേലത്തിന്. ദല്‍ഹിയിലെ ബിര്‍ളാഹൗസിന് മുന്നില്‍ നിന്ന് മലയാളിയായ പി.പി നമ്പ്യാര്‍ ശേഖരിച്ചവയാണ് ലണ്ടനില്‍ ലേലത്തിന് വെച്ചിരിക്കുന്നത്.

ലണ്ടനിലെ ഷ്രോപ്പ്ഷയറില്‍ ഈ മാസം 17നാണ് ലേലം നടക്കുന്നത്. ഗാന്ധിജിയുടെ കണ്ണടയും ചര്‍ക്കയുമടക്കമുള്ള വസ്തുക്കളും ലേലത്തിനുണ്ടാകും. ഒരു ലക്ഷം പൗണ്ടാണ് (ഏതാണ്ട് 82 ലക്ഷം രൂപ) ഇവയുടെ വില്‍പന വഴി ലേലസ്ഥാപനമായ മുള്ളക്ക്‌സ് ലക്ഷ്യമിടുന്നത്.

നേരത്തെ ലണ്ടനിലെ ക്രിസ്റ്റീസ് ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര ലേല കമ്പനി ഗാന്ധിജി ഉപയോഗിച്ചിരുന്ന ചെരിപ്പ്, പോക്കറ്റ് വാച്ച്, കണ്ണട, രണ്ട് പാത്രങ്ങള്‍ എന്നിവ ലേലം ചെയ്തിരുന്നു. ക്രിസ്റ്റീസിന്റെ ലണ്ടന്‍ ആസ്ഥാനത്തു നടന്ന ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് ഗാന്ധിവസ്തുക്കള്‍ വിറ്റുപോയത്. ലേല കമ്പനിയുടെ കമ്മീഷന്‍ തുകയടക്കം 12 കോടി രൂപ നല്‍കി ഇന്ത്യന്‍ വ്യവസായിയായ വിജയ് മല്ല്യയാണ് ഇതെല്ലാം ലേലം കൊണ്ടത്.

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ലോകത്തിലുള്ള ഏറ്റവും വലിയ വ്യക്തിഗത ശേഖരമെന്ന നിലയ്ക്കായിരുന്നു ക്രിസ്റ്റീസ് ലേലപരസ്യം നല്‍കിയിരുന്നത്. ലൂവീസ് ഓട്ടീസ് എന്ന ബ്രിട്ടീഷ് ധനാഢ്യന്റെ ശേഖരത്തില്‍ നിന്നാണ് കമ്പനിക്ക് ഈ അപൂര്‍വ വസ്തുക്കള്‍ ലഭിച്ചത്.

അതേസമയം പി.പി നമ്പ്യാരുടെ കയ്യില്‍ നിന്ന് ലണ്ടന്‍ ലേലക്കമ്പനി കരസ്ഥമാക്കിയ ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് കോഴിക്കോട്ി മാതൃഭൂമി പത്രം ഓഫീസിലും തൃശ്ശൂര്‍ ജില്ലയിലെ നമ്പഴിക്കാട് ഗ്രാമവാസിയായ റിട്ട. അദ്ധ്യാപകന്‍ ആന്റണി ചിറ്റാട്ടുകരയും സൂക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് നമ്പ്യാര്‍ തന്നെയാണ് ഇത് നല്‍കിയത്.

1948 ജനവരി 30 ന് നമ്മുടെ രാഷ്ട്ര പിതാവ് എം.കെ.ഗാന്ധി വെടിയേറ്റു വീണിടത്തു നിന്നാണ് ഞാനിത് ശേഖരിച്ചതെന്ന് പി.പി നമ്പ്യാര്‍ പേടകത്തിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘പുല്ലില്‍ ഉണങ്ങിപ്പിടിച്ച രക്തം അവിടെയെത്തിയ എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനാ പുല്ല് സൂക്ഷ്മതയോടെ മുറിച്ചെടുത്തു. ഒപ്പം രണ്ടു പിടി മണ്ണും. ഞാനത് സമീപത്ത് കിടന്ന പഴയ ഒരു ഹിന്ദിപത്രത്തില്‍ പൊതിഞ്ഞുവെച്ചു. പിന്നീട് ഇന്‍ഡോചൈനയില്‍ നിന്ന് വാങ്ങിയ ഒരു ആഭരണപ്പെട്ടിയില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു’- നമ്പ്യാര്‍ വ്യക്തമാക്കുന്നു.

Malayalam News

Kerala News in English