Categories

മതേതരത്വത്തിന്റെ വില മഹാത്മാവിന്റെ ജീവന്‍

ന്ത്യയുടെ ആത്മാവ് മതേതരത്വത്തില്‍ അധിഷ്ഠിതമാണെന്ന് വിശ്വസിച്ച മഹാത്മാവായിരുന്നു ഗാന്ധിജി. നാഗരികതകളുടെ സംഗമഭൂമിയായ ഈ രാജ്യത്തെ അങ്ങിനെ തന്നെ നിലനിര്‍ത്താനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. മതത്തിന്റെ പേരില്‍ പാകിസ്ഥാന്‍ എന്ന രാജ്യം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പേരില്‍ ആയിരങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ അധികാരക്കസേരകള്‍ സ്വപ്‌നം കണ്ടിരുന്നവര്‍ ചിരിച്ചിരുന്നേക്കാം. എന്നാല്‍ ആ മഹാത്മാവിന്റെ ഹൃദയം പിടയുകയായിരുന്നു.

തന്റെ അന്ത്യ കാലഘട്ടത്തില്‍ ഗാന്ധിജി ഏറെ ദുഖിതനായിരുന്നു. മതം ഭ്രാന്തമായ വികാരമാകുന്നത് അദ്ദേഹത്തെ ഏറെ ഖിന്നനാക്കി. നൂറ്റാണ്ടുകളുടെ ധീരമായ ചെറുത്തു നില്‍പ്പിനൊടുവില്‍ ആയിരങ്ങളുടെ രക്തസാക്ഷിത്വത്തിന്റെ ഫലമായി 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രി ഇന്ത്യ സ്വതന്ത്രമാക്കപ്പെട്ടു. 15ന് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോള്‍ അതിര്‍ത്തികളില്‍ രക്തപ്പുഴ ഒഴുകുകയായിരുന്നു. ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞപ്പോള്‍ ഗാന്ധിജി കല്‍ക്കത്തയില്‍ വ്യസനിതനായി കഴിഞ്ഞു.

പശ്ചിമപാകിസ്ഥാനില്‍ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാര്‍ത്ഥികളായെത്തി. ഇന്ത്യയില്‍ നിന്ന് നിരവധി മുസ് ലിംകള്‍ പാകിസ്ഥാനിലേക്ക് പാലായനം ചെയ്തു. രാഷ്ട്രത്തിന്റെ ഹൃദയം പകുത്തുകൊണ്ടിരിക്കുന്ന സമയം. സെപ്റ്റംബര്‍ നാലിന് ദല്‍ഹിയിലും വര്‍ഗീയലഹള ആരംഭിച്ചു. 1948 ജനുവരിയിലും രാജ്യത്ത് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ജനം വര്‍ഗീയത അവസാനിപ്പിച്ച് ശാന്തരായിരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ദല്‍ഹിയില്‍ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. ആയുധം കയ്യിലെടുത്ത സമുദായനേതാക്കളും തല്‍പര കക്ഷികളും ഒത്തുതീര്‍പ്പിന് തയ്യാറായി. ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു.

1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുകായിരുന്നു ഗാന്ധിജി. ഹിന്ദു വര്‍ഗീയ വാദികള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. നാഥുറാം ഗോഡ്‌സേ എന്ന ഭീകരവാദിയുടെ വെടിയേറ്റ് അദ്ദേഹം പ്രാര്‍ഥനാ യോഗത്തില്‍ പിടഞ്ഞു വീണു. ഇന്ത്യക്കൊപ്പം ലോകവും ഞെട്ടി. ഹിന്ദു- മുസ്‌ലിം മൈത്രിക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് ജിവിക്കാന്‍ അര്‍ഹതയില്ലെന്ന വര്‍ഗീയവാദികളുടെ പ്രഖ്യാപനമായിരുന്നു അത്. സംഭവത്തെ തുടര്‍ന്ന് ഗാന്ധിവധത്തില്‍ ആര്‍ എസ് എസ് നിരോധിക്കപ്പെട്ടു.

മതസൗഹാര്‍ദത്തിന്റെയും അഹിംസയുടെയും ഗ്രാമസ്വരാജിന്റെയും രാജ്യ സ്‌നേഹത്തിന്റെയും മഹാത്മാവ് രാജ്ഘട്ടിലെ ലളിതമായ കറുത്ത കരിങ്കല്‍പ്പീഠത്തില്‍ മൗനിയായി കിടക്കുന്നു. കെടാവിളക്കായി ഓര്‍മ്മകളും.

ചിത്രം: ജയരാജ് ടി ജി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.