അഹമ്മദാബാദ്: ഗുജറാത്തിലെ പഴയ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലെ ഗാന്ധി സ്മൃതി ഖണ്ഡ് ബാബ രാംദേവിന്റെ പതഞ്ജലിയുടെ ഗോഡൗണാക്കി. പതഞ്ജലി നെയ്യും പതവതാനികളും, ബാനറുകളുമൊക്കെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

95 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യദ്രോഹക്കുറ്റത്തിന് മഹാത്മാഗാന്ധിയെ ആറുവര്‍ഷം തടവിനു വിധിച്ച കോടതി മുറിയാണ് സ്മൃതി ഖണ്ഡ്. ഇതാണ് പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ ഗോഡൗണാക്കി മാറ്റിയിരിക്കുന്നത്.

സ്മൃതി ഖണ്ഡില്‍ സൂക്ഷിച്ചിട്ടുള്ള ഗാന്ധിജിയുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളുമെല്ലാം ഇപ്പോള്‍ ഒരു മൂലയില്‍ കൂട്ടിയിട്ട നിലയിലാണുള്ളത്. മുറിയുടെ ചുവരില്‍ തൂക്കിയിട്ടിട്ടുള്ള ഗാന്ധിജിയുടെ ചിത്രം വരെ ഈ വസ്തുക്കള്‍ക്കൊണ്ട് പകുതി മറഞ്ഞ നിലയിലാണ്.


Must Read: ക്രിസ്ത്യാനികള്‍ക്കെതിരെ ഹിന്ദുക്കള്‍ ആയുധമെടുക്കണം; യേശു അക്രമത്തിന് ആഹ്വാനം നല്‍കി; വിദ്വേഷ പ്രസംഗവുമായി ആര്‍.എസ്.എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്‍ 


സര്‍ക്യൂട്ട് ഹൗസിലെ 28 മുറികളില്‍ 12 എണ്ണം മെയ് 25ന് പതഞ്ജലിക്കു നല്‍കിയിരുന്നു. ഇതില്‍ സ്മൃതി ഖണ്ഡ് ഗോഡൗണാക്കി ഉപയോഗിക്കുമ്പോള്‍ മറ്റു മുറികളില്‍ യോഗദിനത്തിന്റെ തയ്യാറെടുപ്പുകള്‍ക്കായി പതഞ്ജലി സ്റ്റാഫുകള്‍ക്കു വിട്ടുനല്‍കിയിരിക്കുകയാണ്.

അഹമ്മദാബാദ് നഗരത്തിലെ എല്ലാ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളുടെയുടെയും ചുമതലയുള്ള ഷാഹിബങ് സബ് ഡിവിഷന്‍ ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ചിരാഗ് പട്ടേലിനു പോലും അറിയാതെയാണ് ഈ മുറികള്‍ പതഞ്ജലിക്ക് അനുവദിച്ചത്.

‘ഗാന്ധി സ്മാരകം ഗോഡൗണാക്കി ഉപയോഗിക്കാന്‍ അവര്‍ക്ക് ആരാണ് അനുമതി നല്‍കിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.’ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് തനിക്കും അറിയില്ലെന്നാണ് ഗുജറാത്തിലെ ഉപമുഖ്യമന്ത്രി നിതില്‍ പട്ടേല്‍ പറയുന്നത്.