എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന് മരണമില്ല, അയാള്‍ ജനിച്ചുകൊണ്ടേയിരിക്കും
എഡിറ്റര്‍
Friday 18th May 2012 11:08am

 

സ്മിത

സാഹിത്യ അക്കാദമി ഒരുക്കിയ തകഴി അനുസ്മരണ പരിപാടിയില്‍ നിന്ന് രാഷ്ട്രീയ പ്രതിയോഗികളാല്‍ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ചിതയുടെയരികിലേക്ക് മഹാശ്വേതാദേവി എന്ന എഴുത്തുകാരിയെ നയിച്ചത് മറ്റൊന്നുമല്ല. എഴുത്തിനേക്കാള്‍ ജനങ്ങളാണെനിയ്ക്കു പ്രിയമെന്ന അവരുടെ നിശ്ചയമാണ്. ഒരു ജനതയുടെ ഇച്ഛകളും സ്വപ്‌നങ്ങളും നെഞ്ചിലേറ്റി മാര്‍ക്‌സിസമെന്ന മഹത്തായ പ്രത്യയശാസ്ത്രത്തിനു വേണ്ടി ജീവന്‍കൊടുത്ത ടി.പി ചന്ദ്രശേഖരനെ തിരിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ദു:ഖം അറിയിക്കാന്‍ പ്രായാധിക്യവും അവശതകളും മറന്ന് മൈലുകള്‍ താണ്ടി ഒഞ്ചിയത്തെത്തിയതും ജനങ്ങള്‍ക്ക് വേണ്ടി എഴുത്തിലൂടെയും സമരങ്ങളിലൂടേയും പോരാടുന്ന വിപ്ലവകാരിയുടെ ഇച്ഛാശക്തിയും മനുഷ്യത്വവുമാണ്. മടുപ്പിക്കുന്ന യാത്രയുടെ ക്ഷീണം വകവെയ്ക്കാതെ തന്റെ സഹായിയും എഴുത്തുകാരനുമായ ജോയ് ദാദയ്ക്കും മഹാശ്വേതയെ കുറിച്ച് ഡോക്യുമെന്ററി ചെയ്യുകയും പിന്നീട് അവരുടെ സന്തതസഹചാരിയുമായ ജോഷി ജോസഫുമൊന്നിച്ച് ഒഞ്ചിയത്തേക്ക് യാത്ര തിരിച്ചപ്പോള്‍ ടി.പിയെ കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

സി.പി.ഐ.എം എന്ന രാഷ്ട്രീയപാര്‍ട്ടി 34 വര്‍ഷം ഭരിച്ചു നശിപ്പിച്ച ബംഗാളില്‍ നിന്നുള്ള എഴുത്തുകാരിക്ക് കേരളത്തിലെ ആ പാര്‍ട്ടിയുടെ ഫാസിസ്റ്റ് സ്വഭാവം തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. എന്നും ഭരണവര്‍ഗ പാര്‍ട്ടികളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി തന്റെ പേനയിലൂടെ പ്രതികരിച്ചിട്ടുള്ള മഹാശ്വേതാദേവി തന്റെ എഴുത്തിലൂടെയുള്ള പോരാട്ടം 1954 ല്‍ ആരംഭിച്ചതാണ്.1857 ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ‘ത്സാന്‍സി റാണിയുടെ ജീവചരിത്ര”മെന്ന അവരുടെ ആദ്യ കൃതി പുറത്തിറങ്ങിയത് ആ വര്‍ഷമാണ്. 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത മഹാശ്വേതയും ഭര്‍ത്താവ് ബിജോണ്‍ ഭട്ടാചാര്യയും ബംഗാള്‍ ക്ഷാമകാലത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ചരിത്രം സൃഷ്ടിച്ച ‘നവാന’ എന്ന നാടകം രചിച്ചത് ബിജോണ്‍ ഭട്ടാചാര്യയാണ്.

എന്നാല്‍ ജനങ്ങളില്‍ നിന്നകന്ന് നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട അവര്‍ രൂക്ഷമായ ഭാഷയിലാണ് സി.പി.ഐ.എമ്മിനെതിരെ എഴുതിയത്. അതുകൊണ്ടാണ് സി.പി.ഐ.എം നല്‍കിയ അധികാരസ്ഥാനങ്ങള്‍ തോളിലിരിക്കുകയും ഒരു അക്കാദമി അവാര്‍ഡും മറ്റു താത്പര്യങ്ങളും മാത്രം ഭരിക്കുന്ന കേരളത്തിലെ ചില കൂലി എഴുത്തുകാര്‍ മമതാ ബാനര്‍ജിക്ക് വേണ്ടി എഴുതിയെന്ന് പറഞ്ഞ് അവരെ വിമര്‍ശിക്കുന്നത്. സിംഗൂരും നന്ദിഗ്രാമിലുമെല്ലാം വന്‍കിട കമ്പനിക്കുവേണ്ടി കര്‍ഷകരേയും ഗ്രാമീണരേയും സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയും പാര്‍ട്ടി ഗുണ്ടകളേയും പോലീസിനേയും ഉപയോഗിച്ച് കര്‍ഷകരെ മര്‍ദ്ദിക്കുകയും കൊല്ലുകയും സ്ത്രീകളെ കൂട്ടബലാംത്സംഗം  ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ ബംഗാളിന്റെ മനസ്സില്‍ നിന്നും സി.പി.ഐ.എം പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞിരുന്നു. സി.പി.ഐ.എമ്മിന്റെ ഈ ജനവഞ്ചനയാണ് മമതാ ബാനര്‍ജിയെന്ന ഫാസിസ്റ്റ് ഭരണാധികാരിയെ ബംഗാളില്‍ വാഴിച്ചത്. ഇതിന്റെ ഉത്തരവാദിത്വം സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചുവെന്ന പേരില്‍ മഹാശ്വേതയടക്കമുള്ള ബംഗാളിലെ എഴുത്തുകാരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്ന വത്സലയടക്കമുള്ള എഴുത്തുകാരുടെ പിണറായികൂറ് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ബംഗാളില്‍ മമത ഭരണമേറ്റെടുത്ത് 6 മാസം കഴിഞ്ഞപ്പോള്‍ തന്നെ മമതയെ ഫാസിസ്റ്റ് എന്നു വിളിക്കാനും വിമര്‍ശിക്കാനും ധൈര്യം കാണിച്ച എഴുത്തുകാരിയാണ് മഹാശ്വേതാദേവി. മഹാശ്വേതയ്ക്ക് എഴുത്ത് ജീവിതോപാധിയല്ല. വികസനത്തിന്റെ പേരില്‍ ജീവിതം നഷ്ടപ്പെടുന്ന ജനങ്ങളുടെ അതിജീവനത്തിന്റെ പോരാട്ടത്തിന് ഊര്‍ജ്ജം പകരുകയാണ് തന്റെ എഴുത്തുകൊണ്ടും സാനിദ്ധ്യംകൊണ്ടും അവര്‍ ചെയ്യുന്നത്. ആദിവാസികള്‍, പാവപ്പെട്ട കൂലിപ്പണിക്കാര്‍, ഭൂരഹിതര്‍, കര്‍ഷകര്‍, ഖനിത്തൊഴിലാളികള്‍, പോലീസ് അതിക്രമങ്ങള്‍, സര്‍ക്കാര്‍ കമ്മീഷനുകളുടെ ജനവിരുദ്ധത, പ്രകൃതി പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അവര്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുകയാണ് ഈ 87 ാം വയസ്സിലും.

1981 ല്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായ രാമേശ്വരനുമൊത്ത് പാലമു ജില്ലയിലെ അടിമപ്പണിക്കാരെ സംഘടിപ്പിച്ചു. അന്നുമുതല്‍ നിരവധി ആദിവാസി തൊഴിലാളി സംഘടനകളുടെ സജീവ പ്രവര്‍ത്തകയാണ്. പശ്ചിമബംഗാളിലെ ഏറ്റവും പിന്നോക്ക ജില്ലയായ പുരുലിയ കേന്ദ്രമാക്കിയ ‘പശ്ചിമ ബംഖേഡിയ സബര്‍ കല്ല്യാണ്‍ സമിതി’ യുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായിരുന്നു. പുരുലിയയിലെ ഖേരിയ എന്ന വര്‍ഗത്തെപ്പറ്റി ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്തിയത് ‘ക്രിമിനല്‍ ട്രൈബ് എന്നാണ്’. ഭൂരഹിതരും ജീവിക്കാന്‍ മാര്‍ഗമില്ലാത്തവരുമായ ഈ ആദിവാസികളെ സ്വാതന്ത്ര്യത്തിനുശേഷവും പോലീസും പൊതുജനങ്ങളും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഇവര്‍ക്കെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കുന്നതിനും മഹാശ്വേത അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വത്സലയെപ്പോലുള്ള അധികാര വര്‍ഗത്തിന്റെ ദല്ലാള്‍ എഴുത്തു മുതലാളിമാര്‍ക്ക് ആദിവാസികള്‍ നോവലെഴുതാനുള്ള വെറും അസംസ്‌കൃത വസ്തുക്കളാണെങ്കില്‍ മഹാശ്വേതയ്ക്ക് അവര്‍ ജീവിതത്തിന്റെ ഭാഗമാണ്. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും അവര്‍ മഹാശ്വേത മാരാജ്ഭായ്( വല്ല്യേടത്തി) യാണ്. സിംഗൂരിലും നന്ദിഗ്രാമിലും കിടപ്പാടവും ഉറ്റവരും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യര്‍ക്ക് അവരുടെ ദുരിതത്തോടൊപ്പം നിന്ന് കണ്ണുനീരൊപ്പിയ മാലാഖയാണ്. ജ്ഞാനപീഠ പുരസ്‌കാരം നെല്‍സന്‍മണ്ടേലയില്‍ നിന്നും ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ മഹാശ്വേത ഇങ്ങനെ പറയുന്നു. ‘ഞാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. സ്വയം അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നു. സര്‍ഗ്ഗാത്മക സാഹിത്യത്തിന് വിലങ്ങുതടിയാണെങ്കിലും ഇത് ഞാന്‍ തുടരും. എന്തെന്നാല്‍ എഴുത്തിനേക്കാള്‍ ജനങ്ങളാണെനിക്കു പ്രിയം ‘.

സഖാവ് ടി.പി ചന്ദ്രശേഖരന്‍ ഇങ്ങനെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച മനുഷ്യനായിരുന്നു, തന്റെ പ്രദേശത്തെ ഓരോ മനുഷ്യന്റേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ടി.പിയെക്കുറിച്ചറിഞ്ഞ മുതല്‍ മഹാശ്വേതയെന്ന ദീദി അദ്ദേഹത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. ചന്ദ്രശേഖരന്റെ ഭാര്യ രമയെ കെട്ടിപ്പിടിച്ച് പറഞ്ഞു. ‘നിങ്ങളുടെ ഭര്‍ത്താവ് ഒരു ധീരനായ പോരാളിയായിരുന്നു. അദ്ദേഹത്തെ കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല’. ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയ വള്ളിക്കാടിലെ തെരുവില്‍ അവര്‍ കൈകൂപ്പി നിന്നു. അവിടെ നിന്ന് ചന്ദ്രശേഖരന്റെ ഓര്‍മ്മയ്ക്കായി അല്‍പം മണ്ണുശേഖരിച്ചു. തിരിച്ചുവരുമ്പോള്‍ അവര്‍ കാറിലിരുന്നു തന്റെ ‘ബഷായി തുതു’ എന്ന നോവലിലെ ധീരനായ ആദിവാസി പോരാളിയെക്കുറിച്ചു പറഞ്ഞു. ബഷായിക്ക് മരണമില്ല. അയാള്‍ പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കും. അതുപോലെ ചന്ദ്രശേഖരന് മരണമില്ല. അയാള്‍ ആയിരവും പതിനായിരവുമായി ജനിച്ചുകൊണ്ടേയിരിക്കും. ദീദി ഈ നോവല്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനായി സമര്‍പ്പിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ദീദിയുടെ ബഷായി തുതുവിനെപ്പോലെ ചന്ദ്രശേഖരനെന്ന ധീരനായ കമ്മ്യൂണിസ്റ്റ് മരിക്കുന്നില്ല. അനീതിയ്ക്കും അക്രമത്തിനുമെതിരെ പൊരുതുന്ന ഓരോ മനുഷ്യനിലും ടി.പി ജനിച്ചുകൊണ്ടിരിക്കും.

മഹാശ്വേതദേവിയെന്ന മനുഷ്യസ്‌നേഹിയായ എഴുത്തുകാരിയ്‌ക്കെതിരെ പുറപ്പാടിനിറങ്ങിയിരിക്കുകയാണ് സി.പി.ഐ.എമ്മിന് ഓശാന പാടുന്ന ഒരു പറ്റം ബുദ്ധിജീവികള്‍. ‘ ടി.പിയുടെ കൊലപാതകം സാംസ്‌ക്കാരിക കേരളത്തിന്റെ പ്രാകൃതത്വമാണ് കാണിക്കുന്നത്’ എന്ന് പറയുമ്പോഴും ടി.പിയുടെ വീട്ടില്‍പോയി അവരുടെ ഭാര്യയേയും കുഞ്ഞിനേയും ആശ്വസിപ്പിക്കാനോ പോകാതെ സി.പി.ഐ.എമ്മിനെ സംരക്ഷിക്കാനുള്ള വ്യഗ്രത കാണിക്കുന്നവരോട് മഹാശ്വേതയുടെ 1048ന്റെ അമ്മ എന്ന നാടകത്തിലെ നക്‌സലെറ്റായ മകന്‍ കൊല്ലപ്പെട്ടപ്പോള്‍ മധ്യവര്‍ഗ കുടുംബത്തിലെ അവന്റെ അമ്മ തന്റെ മകനെ തിരിച്ചറിഞ്ഞ നിമിഷം കൈചൂണ്ടി പറയുന്നത് ഈ അധികാര വര്‍ഗത്തോടും അവരുടെ കുഴലൂത്തുകാരായ എഴുത്തുകാരോടുമാണ്.  ‘ നിങ്ങളെല്ലാം ശവങ്ങള്‍, മരവിച്ച ശവങ്ങള്‍ ! കവിതയിലും ചുവന്ന റോസാപ്പൂവിലും നിയോണ്‍ വെളിച്ചങ്ങളിലും അമ്മയുടെ പുഞ്ചിരിയിലും ശിശുവിന്റെ ചിണുങ്ങലിലും അങ്ങനെ ലോകത്തിലെ എല്ലാ കല്‍പ്പനകളിലും രമിച്ച് എന്നന്നേക്കും, ലോകാവസാനം വരെ നിങ്ങളുടെ ശവതുല്യമായ ജീവിതം നിലനിര്‍ത്താനാണോ എന്റെ  മകന്‍ കൊല്ലപ്പെട്ടത്? പ്രേതങ്ങള്‍ക്ക് സുഖിക്കാന്‍ ഇവിടം വിട്ടുകൊടുക്കാനാണോ ജീവിക്കുന്നവര്‍ കൊല്ലപ്പെടുന്നത്. അല്ല ! അല്ല ! ഈ നഗരത്തിന്റെ ഹൃദയം പിളര്‍ന്ന് ആകാശങ്ങളിലേക്ക് വളരട്ടെ.. ഈ നാടിന്റെ മുക്കിലും മൂലയിലും അത് കാറ്റായി പടര്‍ന്ന് കത്തട്ടെ. ഇന്നലെയും ഇന്നിനെയും അത് നേരെയാക്കി നാളയെ കിടിലം കൊള്ളിക്കട്ടെ. സ്വന്തം സുഖങ്ങളുടെ തൊണ്ടിനുള്ളില്‍ മുഴുകിയിരിക്കുന്നവരുടെ സുഖലോലുപതയെ അത് വലിച്ചുകീറട്ടെ !

Advertisement