sanjay-nirupam

മുംബൈ: മഹാരാഷ്ട്രയില്‍ വൈദ്യുതി താരിഫ് കുറയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ തന്നെയാണ് നിരുപം രംഗത്തെത്തിയത്. വൈദ്യുതി താരിഫ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയില്ലെങ്കില്‍ താന്‍ തന്നെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സഞ്ജയ് നിരുപം വ്യക്തമാക്കി.

ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തി പിറ്റേ ദിവസം വൈദ്യുതി താരിഫ് പകുതിയായി കുറച്ചു. പിന്നെ എന്തുകൊണ്ട് മുംബൈയില്‍ അത് സാധിക്കില്ലെന്നും ഇദ്ദേഹം ചോദിച്ചു.

ദല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ കൊണ്ടുവന്ന അതേ സ്‌കീം തന്നെ വിഷയത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരുപം മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് കത്തയക്കുകയും ചെയ്തു.

ദല്‍ഹിയില്‍ വൈദ്യുതി താരിഫ് കുറഞ്ഞു. വളരെ പോപ്പുലിസ്റ്റായ ഒരു പദ്ധതിയാണ് അവര്‍ കൊണ്ടുവന്നത്. ചവാനും എന്തുകൊണ്ട് അതേ പദ്ധതി പിന്തുടരാന്‍ ശ്രമിക്കുന്നില്ലെന്നും ഇദ്ദേഹം കത്തില്‍ ചോദിക്കുന്നുണ്ട്.