എഡിറ്റര്‍
എഡിറ്റര്‍
ക്രിമിനല്‍ കേസുകളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്തത് മഹാരാഷ്ട്രയില്‍
എഡിറ്റര്‍
Monday 4th November 2013 4:06pm

handcuff

മുംബൈ: ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടതിന് ഏററവും കൂടുതല്‍  സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ സംസ്ഥാനം എന്ന കുപ്രസിദ്ധി മഹാരാഷ്ട്രയ്ക്ക്.

2010 മുതല്‍ 2012 വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലാണിത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണ് ഈ വെളിപ്പെടുത്തല്‍.

മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം 90,884 സ്ത്രീകളാണ് മഹാരാഷ്ട്രയില്‍ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ആന്ധ്ര പ്രദേശില്‍ ഇത് 57,406-ഉം മധ്യപ്രദേശില്‍ 49,333-ഉം ആണ്. നാലാം സ്ഥാനത്തെത്തിയ തമിഴ് നാട്ടില്‍ 49,066-ഉം അഞ്ചാമതെത്തിയ ഗുജറാത്തില്‍ 41,872-ഉം സ്ത്രീകളാണ് അറസ്റ്റിലായത്.

ഇതേ കാലയളവില്‍ ഐ.പി.സി പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ പൊലീസ് 93 ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 94 ശതമാനവും പുരുഷന്‍മാരാണ്. അവശേഷിക്കുന്ന ആറ് ശതമാനം മാത്രമാണ് സ്ത്രീകള്‍.

മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2010-ല്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം 30,118 ആയിരുന്നത് 2011-ല്‍ 30,159 ആയി ഉയര്‍ന്നു. അടുത്ത വര്‍ഷം ഇത് 30,607 ആയി വര്‍ദ്ധിച്ചു.

ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ക്കാണ് ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്, ഏകദേശം 20,000.

തുടര്‍ന്ന് കലാപം (16,843), മറ്റുള്ളവരെ ഉപദ്രവിക്കുക (15,348), മോഷണം (3,911) എന്നീ കുറ്റകൃത്യങ്ങള്‍.

കൊലപാതകത്തിന് 1,900 സ്ത്രീകളെയും കൊലപാതകശ്രമത്തിന് 1,700 സ്ത്രീകളെയും അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയില്‍ മാത്രമല്ല രാജ്യത്താകെയും അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ ഗൗരവമേറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.

ഇന്ന് സ്ത്രീകളും പുരുഷന്മാരും പല വിധ സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതിനോട് പലരും പല തരത്തിലാണ് പ്രതികരിക്കുന്നതെന്നും സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നു. ഈ വ്യത്യാസം, ഏറ്റവും ചുരുങ്ങിയത് തിയറിയില്‍ എങ്കിലും, സ്ത്രീ-പുരുഷ ക്രിമിനല്‍ സ്വഭാവത്തെ വിശദീകരിക്കുന്നു.

സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ കൗരവവും അപകടകരമാം വിധം വര്‍ദ്ധിക്കുകയാണ്.

‘വിവിധ സാമൂഹ്യ സാമ്പത്തിക മാനസിക കാരണങ്ങളാല്‍ സ്ത്രീകള്‍ കുറ്റകൃത്യങ്ങള്‍ക്ക് അടിമപ്പെടുന്നു’ ജോയിന്റ് കമ്മീഷണറായ ഹിമാംശു റോയ് പ്രതികരിക്കുന്നു.

മുംബൈ (7,264), ജല്‍ഗാവോണ്‍ (5,384), നാസിക് റൂറല്‍ (5,235), അഹമ്മദ്‌നഗര്‍ (4,986), പുനെ (4.052) എന്നിങ്ങനെയാണ് കണക്കുകള്‍.

‘മോഷണങ്ങളും വഞ്ചനയ്ക്ക് പ്രതികാരമായുണ്ടാകുന്ന കുറ്റകൃത്യങ്ങളും സാധാരണമാണ്. സ്്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രതികാരങ്ങളും കൂടും.’ മന:ശാസ്ത്രജ്ഞനായ ഹരീഷ് ഷെട്ടി പറയുന്നു.
‘സാമൂഹ്യ അരക്ഷിതാവസ്ഥകള്‍ ഇതിന് കൂടുതല്‍ ഗുണകരമാകുന്നു’

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം  കുറയാനുളള സാധ്യത വിരളമാണെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ വൈ.പി സിങ് പറയുന്നു. ‘ തുല്യതയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും നഗരവല്‍ക്കരണത്തിനുമെല്ലാം ഇതില്‍ പങ്കുണ്ട്. കൂടുതല്‍ സുരക്ഷയും മുല്‍കരുതലും ഏര്‍പ്പെടുത്താനേ നമുക്ക് പറ്റൂ.’

‘ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ത്രീകളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ അക്രമമാര്‍ഗങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നുള്ളു. 99.9 ശതമാനവും കൂടുതല്‍ വലിയ ക്രിമിനലുകളാവുകയാണ്.’ ഡപ്യൂട്ടി കമ്മീഷണറായ ധനഞ്ജയ് കുല്‍ക്കര്‍ണി കൂട്ടിച്ചേര്‍ക്കുന്നു.

Advertisement