മുംബൈ: മുംബൈ ആക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബിന്റെ ജീവന്‍ സംരക്ഷിച്ചതിന് 10 കോടിരൂപാ ചിലവായതായി കാണിച്ച് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് മഹാരാഷ്ട്ര സര്‍ക്കാറിന് കത്തയച്ചു. എന്നാല്‍ മുംബൈ ആക്രമണം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സംസ്ഥാനത്തിന് തുക നല്‍കാനാവില്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്തോ-ടിബറ്റന്‍ പോലീസ് മേധാവി ജനറല്‍ ആര്‍.കെ ഭാട്ടിയ അയച്ച കത്താണ് മഹാരാഷ്ട്ര സര്‍ക്കാറിനെ വെട്ടിലാക്കിയത്. കസബിന്റെ സംരക്ഷണത്തിനായി സേനയ്ക്ക് ആകെ 10.87 കോടി ചിലവായെന്നും ഇത് ഉടനേ അടയ്ക്കണമെന്നുമാണ് കത്തില്‍ ഭാട്ടിയ ആവശ്യപ്പെട്ടത്.

എന്നാല്‍ തുക സംസ്ഥാനം ഒറ്റയ്ക്ക് തിരിച്ചടയ്‌ക്കേണ്ടില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. 26/ 11 മുംബൈ ആക്രമണം സംസ്ഥാനത്തെ മാത്രം ലക്ഷ്യംവെച്ചുള്ളതായിരുന്നില്ലെന്ന് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി മേധാ ഗാഡ്ഗില്‍ പ്രതികരിച്ചു. ഇന്തോ-ടിബറ്റന്‍ സേനാ മേധാവിയുമായും കേന്ദ്രസര്‍ക്കാറുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിവരുകയാണെന്നും സെക്രട്ടറി അറിയിച്ചു.