എഡിറ്റര്‍
എഡിറ്റര്‍
അജ്മല്‍ കസബിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിച്ചത് 26 കോടി
എഡിറ്റര്‍
Thursday 30th August 2012 3:58pm

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയും കാത്ത് കിടക്കുന്ന മുഖ്യപ്രതി അജ്മല്‍ കസബിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചിലവഴിച്ചത് 26 കോടി രൂപ.

കസബ് കഴിയുന്ന മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ പ്രത്യേക ബുള്ളറ്റ്പ്രൂഫ് സുരക്ഷാ സെല്‍ നിര്‍മിക്കുന്നതിന് മാത്രം ചിലവായത് 5.25 കോടി രൂപയാണ്.

Ads By Google

ഈ വര്‍ഷം ജൂണ്‍ വരെ ഭക്ഷണത്തിനായി മാത്രം 38,879 രൂപയും ചികിത്സയ്ക്കായി 28,264 രൂപയും ചിലവഴിച്ചു. രണ്ട് മാസത്തെ ചിലവിലേക്ക്‌ 4,000 രൂപ അധികവും അനുവദിച്ചിട്ടുണ്ട്. ഒരു ദേശീയ വെബ്‌സൈറ്റ് ജയില്‍ അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വാര്‍ത്ത.

കസബിന്റെ സുരക്ഷാചുമതല വഹിക്കുന്ന ഇന്തോ-ടിബറ്റണ്‍ ബോര്‍ഡര്‍ പോലീസിന് 19.28 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചിരിക്കുന്നത്. കൂടാതെ 24 മണിക്കൂറും കസബിനെ നിരീക്ഷിക്കുന്നതിനായി സിസി ടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, കസബിന്റെ വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചുവെങ്കിലും നടപ്പാക്കാന്‍ വൈകുമെന്നും സൂചനയുണ്ട്. കസബിന് രാഷ്ട്രപതിയ്ക്ക്  ദയാഹരജി സമര്‍പ്പിക്കാന്‍ അവകാശമുള്ളതിനാലാണിത്.

2008 നവംബറില്‍ മുംബൈയെ നടുക്കിയ ആക്രമണങ്ങളില്‍ 166 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 2011 മെയിലാണ് വിചാരണക്കോടതി കസബിന് വധശിക്ഷ വിധിച്ചത്. മുംബൈ ഹൈക്കോടതി ഇത് പിന്നീട് ശരിവെച്ചു. കേസില്‍ ജീവനോടെ പിടിക്കപ്പെട്ട ഒരേയൊരാള്‍ കസബായിരുന്നു.

Advertisement