മുംബൈ: ഏഴ്, ഒമ്പത് ക്ലാസുകളിലെ ചരിത്ര പാഠപുസ്തകത്തില്‍ മാറ്റങ്ങളുമായി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തെക്കുറിച്ചുള്ള ഭാഗം ഇല്ലാതെയാണ് സ്‌കൂളില്‍ പുസ്തകങ്ങള്‍ വിതരണത്തിനെത്തുക.

ശിവാജിയുടെ ഭരണകാലത്തെ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ പാഠപുസ്തകം. മാത്രമല്ല അക്ബര്‍ ചക്രവര്‍ത്തിയെ ഇന്ത്യയെ കേന്ദ്ര അധികാരത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഭരണാധികാരിയെന്നായിരിക്കും അടയാളപ്പെടുത്തുക.

ഇന്ത്യന്‍ ചരിത്രത്തില്‍ ശിവാജിയുടെ പങ്ക് വ്യക്തമായി ഉള്‍പ്പെടുത്തുകയും ചെയ്യും. മുഗള്‍ ഭരണകാലത്തെ നേട്ടങ്ങളെല്ലാം മറച്ചുവെച്ചു കൊണ്ടാണ് പുസ്തകത്തില്‍ എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.


Also Read: ‘നോട്ടടി കേസ് ഫോട്ടോസ്റ്റാറ്റ് കേസാക്കി മാറ്റിയ ഇരട്ട സംഘന്‍ സര്‍ക്കാരിന് അഭിവാദ്യം’; ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്


അഫ്ഗാന്‍ വംശജരായ ഭരണാധികാരികള്‍ അവതരിപ്പിച്ച രൂപയാ എന്ന നാണയത്തെപ്പറ്റിയും ചരിത്ര പുസ്തകത്തില്‍ പരാമര്‍ശമില്ല. എന്നാല്‍ ബോഫേഴ്‌സ് കുംഭകോണവും അടിയന്തിരാവസ്ഥയും പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്.

നേരത്തെ ശിവാജിയുടെയും മഹാറാണാ പ്രതാപിന്റെയും ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആര്‍.എസ്.എസും അനുബന്ധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പുറം ചട്ടയില്‍ ഇന്ത്യന്‍ ഭൂപടത്തിനു മുകളിലായി കാവിക്കൊടിയുമുണ്ട്.

നേരത്തെ മഹാറാണാ പ്രതാപ് അക്ബര്‍ ചക്രവര്‍ത്തിയെ തോല്‍പ്പിച്ചു എന്ന് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വകുപ്പ് പാഠപുസ്തകത്തില്‍ എഴുതി ചേര്‍ത്തിരുന്നു.