എഡിറ്റര്‍
എഡിറ്റര്‍
കസബിന്റെ ദയാഹരജി മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് തള്ളി
എഡിറ്റര്‍
Tuesday 25th September 2012 9:25am

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ കസബിന്റെ ദയാഹരജി മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് തള്ളി.

വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് കസബ് സമര്‍പ്പിച്ച ദയാഹരജിക്കെതിരെയാണ് ആഭ്യന്തരമന്ത്രാലയം നിലപാട് സ്വീകരിച്ചിരിക്കുന്നത്. കസബിന്റെ ദയാഹരജി തള്ളണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് ഔദ്യോഗികമായി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

Ads By Google

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി സംസ്ഥാന, കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങളുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ശുപാര്‍ശയോടെ വേണം രാഷ്ട്രപതിയ്ക്ക് ദയാഹരജി സമര്‍പ്പിക്കേണ്ടത്.

ഈ ചട്ടം അനുസരിച്ചാണ് കസബ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തിന് ഹരജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഹരജി പരിശോധിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയക്കുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേന്ദ്ര ആഭ്യന്തര വകുപ്പാണ് രാഷ്ട്രപതിക്ക് ഹരജി കൈമാറുക. കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തില്‍ എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ദയാഹരജിയുമായി കസബ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി മുംബൈ ഹൈക്കോടതി ശരിവെച്ചു. തുടര്‍ന്നാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കസബ് സുപ്രീം കോടതിയെ സമീപിച്ചത്. ഫിബ്രവരി 14 നാണ് കസബ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തന്റെ പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു കസബിന്റെ ആവശ്യം. രാജ്യത്തിനെതിരെ കസബ് യുദ്ധപ്രഖ്യാപനം നടത്തിയെന്നും പാക്കിസ്ഥാനില്‍ നടത്തിയ ഗൂഢാലോചന കസബും കൂട്ടരും ഇന്ത്യയില്‍ നടപ്പിലാക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു.

160 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഏകപ്രതിയാണ് അജ്മല്‍. 2010 മെയ് 6നാണ് കസബിന് വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നത്.

Advertisement