ന്യൂദല്‍ഹി: അമേരിക്കന്‍ കുത്തക കമ്പനിയായ മൊണ്‍സാന്റോയുടേത് ഉള്‍പ്പെടെ ജനിതകമാറ്റം വരുത്തിയ ബി.ടി പരുത്തി വിത്തിനങ്ങളുടെ വിതരണവും വില്‍പ്പനയും മഹാരാഷ്ട്രയില്‍ നിരോധിച്ചു. മഹാരാഷ്ട്ര കാര്‍ഷിക വിഭാഗം കമ്മീഷണര്‍ ഉമാകാന്ത് ദംഗത്ത് ആണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. മഹികോ എന്ന കമ്പനി ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്നാണ് മൊണ്‍സാന്റോ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ രാജ്യത്ത് പരീക്ഷിച്ചത്. മഹികോ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരോധനം ബാധകമാണ്.

Ads By Google

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ ചര്‍ച്ചയില്‍ കൃഷിമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നിലവില്‍ വന്നത്. ജനിതക മാറ്റം വരുത്തിയ വഴുതനക്ക് പാറ്റന്റ് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കുന്നതിന് പാര്‍ലമെന്ററി സമിതി ഉത്തരവിട്ടു. ആവശ്യമായ പരിശോധനകള്‍ കുടാതെയാണ് അനുമതി നല്‍കിയതെന്നും ഇതിന് ഒരു കേന്ദ്രമന്ത്രിയുടെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജനിതക എഞ്ചിനിയറിങ് അപ്രൂവല്‍ കമ്മിറ്റിയിലെ സുപ്രീംകോടതി നിയമിച്ച അംഗം ഡോ. പി.എം ഭാര്‍ഗവയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജി.ഇ.എ.സി.കോ ചെയര്‍മാന്‍ ഡോ. അര്‍ജുല റെഡ്ഢി ഇക്കാര്യങ്ങള്‍ തന്നോട് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ടി വഴുതനയും കര്‍ഷക ആത്മഹത്യകളും തമ്മില്‍ വലിയ ബന്ധമാണുള്ളതെന്ന് സമിതി അംഗം ബസുദേവ് ആചാര്യ പറഞ്ഞു.