‘കഥ തുടരുന്നു’ എന്ന ചിത്രത്തിനുശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ഒരു കാലത്ത് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലെ സ്ഥിരം നായകനായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ പിന്നീട് ജയറാം ഈ സ്ഥാനത്തേക്കു വന്നു. ‘ഇന്നത്തെ ചിന്താവിഷയം’ എന്ന ചിത്രത്തിലാണ് ലാല്‍ അവസാനമായി അന്തിക്കാടിന്റെ നായകനായത്.

സത്യന്‍ അന്തിക്കാട് തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിയ്ക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മറ്റുചിത്രങ്ങളെ പോലെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന.

ലാല്‍ ഒഴിച്ചുള്ള മറ്റുതാരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പുതിയ ചിത്രം 2011മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

‘ടി പി ബാലഗോപാലന്‍ എം എ’, ‘ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്’, ‘വരവേല്പ്’ തുടങ്ങിയ സത്യന്‍ ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.