ബോര്‍ഡിനപ്പുറവുമിപ്പുറവും യുദ്ധം ജയിക്കാനായി രണ്ട് പോരാളികള്‍ എത്തിക്കഴിഞ്ഞു. പരിചയും പടക്കോപ്പുമില്ലാതെ തീര്‍ത്തും നിരായുധരായ രണ്ട് പേര്‍.  ഒരാള്‍ ചെസ്സില്‍ അശ്വമേധം നടത്തി വിരാജിച്ച രാജാവെങ്കില്‍, മറ്റെയാള്‍ കിരീടവകാശം ഉന്നയിച്ചെത്തുന്ന രാജകുമാരന്‍. അവര്‍ക്ക് മുന്നിലെ പോരാട്ടഭൂമിയില്‍ അണിനിരന്നരിക്കുന്നു ആജ്ഞക്ക് കാതോര്‍ത്ത് അക്ഷൗഹിണി പട.

Magnus-Carlsen-580


ഹോക്ക് ഐ/ വിബീഷ് വിക്രം


തീര്‍ത്തും ഒരു ബൗദ്ധിക വിനോദമാണ് ചെസ്സ്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 കളങ്ങളില്‍ മനസ്സിലെ കണക്ക് കൂട്ടലുകള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കി മുന്നേറുന്ന കളി. അകക്കണ്ണില്‍ നിമിഷാര്‍ധത്തില്‍ ഉരിത്തിരിയുന്ന അനേകം നീക്കങ്ങള്‍. ഒടുവിലൊന്നിലുറപ്പിച്ച് കരുക്കള്‍ നീക്കി പ്രതിയോഗിയെ വെട്ടി വീഴ്ത്തി മുന്നേറി കീഴടക്കുന്ന യുദ്ധസമാനമായ വിനോദം.

ഇവിടെ പ്രതിയോഗികള്‍ തമ്മില്‍ ശാരീരിക സ്പര്‍ശമില്ല. എന്നാല്‍ ശരീരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന മത്സരവേദികളിലെ അക്രമണോത്സുകതക്ക് സമമാണ് ചെസ്സ് പലകകള്‍ക്ക് ചുറ്റും രൂപം കെള്ളുന്നതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചോരചിന്താത്ത പരസ്പരമുള്ള ഏറ്റുമുട്ടല്‍.

ബോര്‍ഡിനപ്പുറവുമിപ്പുറവും യുദ്ധം ജയിക്കാനായി രണ്ട് പോരാളികള്‍ എത്തിക്കഴിഞ്ഞു. പരിചയും പടക്കോപ്പുമില്ലാതെ തീര്‍ത്തും നിരായുധരായ രണ്ട് പേര്‍.  ഒരാള്‍ ചെസ്സില്‍ അശ്വമേധം നടത്തി വിരാജിച്ച രാജാവെങ്കില്‍, മറ്റെയാള്‍ കിരീടവകാശം ഉന്നയിച്ചെത്തുന്ന രാജകുമാരന്‍. അവര്‍ക്ക് മുന്നിലെ പോരാട്ടഭൂമിയില്‍ അണിനിരന്നരിക്കുന്നു ആജ്ഞക്ക് കാതോര്‍ത്ത് അക്ഷൗഹിണി പട.

magnus-carlsen-4കാഹളം മുഴങ്ങി. പോരാട്ടം തുടങ്ങി. അനിശ്ചിതത്വത്തിന്റെ പതിനാല് ദിനരാത്രങ്ങള്‍. ഒടുവില്‍ പതിനാലാം ദിവസത്തെ പത്താം പോരാട്ടത്തോടെ യുദ്ധം അവസാനിച്ചു. അഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചു കെട്ടി ചോദ്യം ചെയ്ത യുവരാജന്‍ അരിയിട്ട് വാഴിക്കപ്പെട്ടിരിക്കുന്നു. ലോക ചെസ് സിംഹാസനത്തില്‍ ഇരുപ്പുറപ്പിക്കാന്‍ പുതിയ അവകാശി പിറന്നിരിക്കുന്നു. നോര്‍വ്വെയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരന്‍ മാഗ്‌നസ് കാള്‍സണ്‍.

പരാജിതനായതോ ഇന്ത്യയുടെ സ്വന്തം വിശ്വനാഥന്‍ ആനന്ദ്. അഞ്ച് വട്ടം ലോകകിരീടം മറ്റാര്‍ക്കും നല്‍കാതെ മാറോടണച്ചു പിടിച്ചവന്‍. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാന്‍ഡിഡേറ്റ് ടുര്‍ണ്ണമെന്റില്‍ റഷ്യക്കാരനായ അലക്‌സ് ഡ്രീവിനെ തോല്‍പ്പിച്ച് തുടങ്ങിയ ആനന്ദിന്റെ പടയോട്ടം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു 22 കാരന്റെ മുന്നില്‍ അവസാനിച്ചിരിക്കുന്നു.

ചെസ്സിലെ മൊസാര്‍ട്ടെന്ന് കാള്‍സണെ വിശേഷിപ്പിച്ചത് വാഷിംഗ്ടണ്‍ പോസ്റ്റാണ്. ഒരര്‍ത്ഥത്തില്‍ അത് ശരിതന്നെ. താളാത്മകമാണ് കാള്‍സന്റെ കരുനീക്കങ്ങള്‍. അതിനൊരു വശീകരണ ശക്തിയുണ്ട്. പ്രതിയോഗിയെ ആകര്‍ഷിച്ച് തന്റേതായ വരുതിയിലേക്ക് വലിച്ചെത്തിക്കുന്ന വശീകരണ ശക്തി. ഈ ആകര്‍ഷണ ശക്തി കാള്‍സന്റെ ഓരോ നീക്കങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്. ഇതറിയാതെ കരു നീക്കുന്ന പ്രതിയോഗി കാല്‍സന്റെ വലയില്‍ വീഴുന്നു.
അടുത്ത പേജില്‍ തുടരുന്നു