ചെന്നൈ: അംഗീകാരമില്ലാത്ത റഗുലര്‍ എം.ബി.എ, ബി.ബി.എ കോഴ്‌സുകള്‍ നടത്തി മലയാളികളുള്‍പ്പെടെ 10,000 വിദ്യാര്‍ഥികളില്‍നിന്ന് മധുര കാമരാജ് യൂനിവേഴ്‌സിറ്റി 120 കോടി രൂപ തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 2010-2011 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ തട്ടിപ്പ് വെളിവായത്. ഇതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈയ്ഡ് മാനേജ്‌മെന്റ് എന്ന സ്വകാര്യസ്ഥാപനവുമായി ചേര്‍ന്നാണ് കാമരാജ് യൂണിവേഴ്‌സിറ്റി എം.ബി.എ, ബി.ബി.എ കോഴ്‌സുകള്‍ നടത്തിയത്. ഇതിനായി രാജ്യത്തിന്റെ പലയിടങ്ങളിലായി 52 പഠനകേന്ദ്രങ്ങള്‍ തുടങ്ങുകയും ചെയ്തു. ഈ പഠനകേന്ദ്രങ്ങളിലൂടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 10,000 വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്. ഇവരില്‍ നിന്നും ഫീസിനത്തില്‍ 120 കോടി പിരിച്ചെടുത്തെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലാത്തതിനാല്‍ പലര്‍ക്കും വിദേശരാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ടതായി പറയുന്നു.

എ.ഐ.സി.ടി.ഇ, യു.ജി.സി, ഡി.ഇ.സി എന്നിവയുടെ അംഗീകാരമില്ലാത്തതിനാല്‍ ഇത്തരം കോഴ്‌സുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കില്ലെന്ന് യു.ജി.സി.യും എ.ഐ.സി.ടി.ഇയും പത്രപരസ്യങ്ങള്‍ നല്‍കുകയും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

1965ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണത്തിലൂടെയാണ് മധുര കാമരാജ് യൂണിവേഴ്‌സിറ്റിക്ക് രൂപം നല്‍കിയത്. നിയമസഭ പാസാക്കിയ മധുര കാമരാജ് യൂനിവേഴ്‌സിറ്റി ആക്ട് നമ്പര്‍ 33 പ്രകാരം മധുര, ദിണ്ഡുക്കല്‍, തേനി, വിരുദുനഗര്‍ എന്നീ നാല് ജില്ലകള്‍ മാത്രമാണ് കാമരാജ് യൂനിവേഴ്‌സിറ്റിയുടെ പരിധിയില്‍ വരുന്നത്. ഈ ജില്ലകളില്‍ റഗുലര്‍ എം.ബി.എ കോഴ്‌സുകള്‍ നടത്താന്‍ യൂനിവേഴ്‌സിറ്റിക്ക് എ.ഐ.സി.ടി.ഇ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിയമം ലംഘിച്ച് രാജ്യവ്യാപകമായി എം.ബി.എ, കോഴ്‌സുകള്‍ നടത്താന്‍ 2005 മാര്‍ച്ച് ഏഴിന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് മാനേജ്‌മെന്റുമായി യൂനിവേഴ്‌സിറ്റി അഞ്ചു വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവെക്കുകയായിരുന്നു.

മധുരകാമരാജ് യൂനിവേഴ്‌സിറ്റിയ്ക്ക് നിയമപ്രകാരം അനുവദിച്ച ജില്ലകളിലല്ലാതെ എം.ബി.എ ബി.ബി.എ കോഴ്‌സുകള്‍ നടത്താന്‍ അനുമതിയില്ലെന്ന് നേരത്തെ എം.ബി.എ ബിരുദം നേടിയ ആര്‍ ഉമ മഹേശ്വരിയെന്ന വിദ്യാര്‍ത്ഥിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമായിരുന്നു.

യൂനിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രഫസര്‍ ഡോ. പി.ആര്‍. ആതപ്പനാണ് എം.ബി.എ, ബി.ബി.എ കോഴ്‌സ് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നത്. പഠനകേന്ദ്രങ്ങള്‍ക്ക് ട്യൂഷന്‍ ഫീസിലെ 40 ശതമാനത്തിനാണ് അര്‍ഹതയെങ്കിലും എന്‍.ഐ.എ.എമ്മിന് കാമരാജ് യൂനിവേഴ്‌സിറ്റി നല്‍കിയത് 75 ശതമാനമാണ്. ഇതും സംശയാസ്പദമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.