തൃശൂര്‍: മധുരയില്‍ മലയാളി സ്വര്‍ണ വ്യാപാരിയെയും സഹായിയെയും ആക്രമിച്ച് ഒന്നര കോടി രൂപയുടെ സ്വര്‍ണം (നാലരക്കിലോ സ്വര്‍ണം) കവര്‍ന്ന കേസില്‍ മലയാളികളായ ആറ് പ്രതികള്‍ പിടിയിലായി.

Ads By Google

തൃശൂര്‍ ചാവക്കാട് സ്വദേശികളായ ജോണ്‍സണ്‍, ബ്രിസ്‌റ്റോ, ബബീഷ്, ശരത്, വിജീഷ് എന്നിവരാണ് പിടിയിലായത്.തൃശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് മധുര പെരിയാര്‍ ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ആഭരണങ്ങള്‍ കവര്‍ന്നത്.

തൃശൂര്‍ ഗോസായി കുന്നത്തെ സി.എസ്. അജികുമാറിന്റെ ആഭരണങ്ങള്‍ മധുരയിലെ ജ്വല്ലറികളിലേക്ക് കൊണ്ടുപോയതാണ്.

മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേരെ ഇനിയും പിടികിട്ടാനുണ്ട്. തൃശൂരില്‍ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്.

മുഖ്യപ്രതിയുടെ സഹോദരിയുടെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. ഒന്‍പതു സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലുമാണ് പൊലീസ് അന്വേഷണം നടത്തിയത്.

ആഭരണങ്ങളുമായി തൃശൂരില്‍ നിന്നും തീവണ്ടി മാര്‍ഗമാണ് ജീവനക്കാര്‍ മധുരയിലെത്തിയത്. താമസസ്ഥലത്തേക്ക് ഓട്ടോയില്‍ പോകും വഴിയാണ് തടഞ്ഞ് മുളകുപൊടി എറിഞ്ഞ് ആഭരണം അടങ്ങിയ പെട്ടിയുമായി കടന്നത്.

കവര്‍ച്ച നടന്ന സ്ഥലത്തെ തട്ടുകടക്കാരനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ വന്ന മലയാളികളാണ് കവര്‍ച്ചക്കാര്‍ എന്ന് സംശയിച്ചിരുന്നു. ഇവരില്‍ രണ്ടു പേര്‍ തട്ടുകടയില്‍ നിന്നും ചായ കുടിച്ചിരുന്നു.

മലയാളം സംസാരിക്കുന്ന ഇവരില്‍ ഒരാള്‍ മുണ്ടാണ് ഉടുത്തിരുന്നത്. ഇയാളെയാണ് തട്ടുകടക്കാര്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍, കാറിന്റെ നമ്പറും മറ്റും ശ്രദ്ധിച്ചിരുന്നില്ല. മലയാളികളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് ഏകദേശരൂപം ലഭിച്ചിരുന്നു. തമിഴ്‌നാട് പൊലീസും കേസന്വേഷണ  ഭാഗമായി കഴിഞ്ഞ രണ്ടുദിവസമായി തൃശൂരിലുണ്ട്.

തമിഴ്‌നാട് പൊലീസും കേരള പൊലീസും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി. പാവറട്ടിക്കടുത്ത് പാങ്ങില്‍ ഒരു വീട്ടില്‍ വെള്ളിയാഴ്ച  തമിഴ്‌നാട് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വീട്ടിലെ യുവാവിനെ തേടിയാണ് പൊലീസ് എത്തിയത്. ഇയാളെ കണ്ടെത്താനായില്ല.