ആലപ്പുഴ: മദ്രസാ അധ്യാപകന്റെ മര്‍ദനത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായ പരിക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് അടക്കുപാറ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് യാസീനാണ് മര്‍ദനത്തിനിരയായത്. മര്‍ദനത്തില്‍ കയ്യൊടിഞ്ഞ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. വണ്ടാര്‍ ശറഫുല്‍ ഇസ്‌ലാം മദ്രസ അധ്യാപകനാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സിമതി വിദ്യാര്‍ഥിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തെളിവെടുത്തു.

നബിനിദിനാഘോഷം നടക്കവെയാണ് നിസ്സാര കാരണത്തിന് വിദ്യാര്‍ഥി മര്‍ദനത്തിനിരയായത്. വിദ്യാര്‍ഥിയെ ചൂരല്‍ കൊണ്ട് മര്‍ദിക്കുന്നത് കണ്ട സഹഅധ്യാപകന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അധ്യാപകന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് യാസീന്റെ കൈ ഒടിയുകയായിരുന്നു. അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ സസ്‌പെന്റ് ചെയ്തതായി കമ്മിറ്റി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ഇയാള്‍ സ്ഥിരമായി കുട്ടികളെ മര്‍ദിക്കാറുണ്ടെന്നാണ് പരാതി.