ചെന്നൈ: പ്രകാശ് ഝായുടെ പുതിയ ചിത്രം ആരക്ഷണിന്റെ റിലീസ് വൈകുന്നു. ചിത്രം ആഗസ്റ്റ് 12ന് റീലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണിപ്പോള്‍.

ഒരു ധനകാര്യസ്ഥാപനത്തില്‍ നിന്നും കടമെടുത്ത തുക തിരിച്ചടക്കാത്തതിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പ്രകാശ് ഝായ്ക്കും, ഫിറോസ് എ നദിയാദ് വാലയ്ക്കുമെതിരെ സ്ഥാപനയുടമ നല്‍കിയ പരാതിയിലാണ് നടപടി. ജി ജി ഫോട്ടോ ലിമിറ്റഡും മധു ഗുപ്തയുമാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

ആരക്ഷണിന്റെ ചിത്രീകരണത്തിനായി വാങ്ങിയ 3.50കോടി രൂപയും അതിന്റെ പലിശയും തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി. പണം വാങ്ങുന്ന സമയത്ത് നിര്‍മ്മാതാക്കള്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നും പരാതിക്കാരന്റെ അഭിഭാഷകനായ കെ.രവി കോടതിയില്‍ അറിയിച്ചു.

നിര്‍മ്മാതാക്കളിലൊരാളായ ഫിറോസിന് പണം തിരിച്ചടച്ചില്ലെന്ന് കാണിച്ച് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം അത് തിരിച്ചടയ്ക്കുകയായിരുന്നു. തന്റെ ചിത്രത്തിന്റെ പ്രിന്റുകള്‍ തിയ്യറ്ററിലെത്തിക്കഴിഞ്ഞു, അതിനെ ഇനി റിലീസ് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ഒന്നിനുമാവില്ല എന്നാണ് പ്രകാശ് ഝാ പ്രതികരിച്ചതെന്നും രവി കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സംവരണ വ്യവസ്ഥയെ വിമര്‍ശന വധേയമായി സമീപിക്കുന്ന ആരക്ഷണ്‍ ഇതിനകം തന്നെ ഒട്ടേറെ വിവാദങ്ങള്‍ നേരിട്ടുകഴിഞ്ഞു. ചിത്രം ദളിത് വിരുദ്ധ മനോഭാവം പ്രകടിപ്പിക്കുന്നതാണെന്ന് കാണിച്ച് ഒരു സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.