ചെന്നൈ: വിശ്വരൂപത്തിന് തമിഴ്‌നാട്ടില്‍ വീണ്ടും സ്റ്റേ. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പ്രദര്‍ശനം സ്റ്റേ ചെയ്തത്. നേരത്തേ ചിത്രത്തിന് മദ്രാസ് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. ഫെബ്രുവരി ആറ് വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് കോടതി വിധി.

മദ്രാസ് ഹൈക്കോടതി വിധിയെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന രണ്ട് തിയേറ്ററുകളില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.

Ads By Google

അതേസമയം, ചിത്രത്തിന്റെ വിവാദ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളയാമെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

ചിത്രം മുസ്‌ലീം വിരുദ്ധമാണെന്ന ചില സംഘടനകളുടെ ആരോപണത്തെ തുടര്‍ന്നാണ് രണ്ടാഴ്ച്ചത്തേക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കോടതിവിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ കമല്‍ ഹാസന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

തമിഴ്‌നാടിന് പുറമേ കര്‍ണാടകത്തിലും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. കര്‍ണാടകത്തിലെ 40 ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. അതേസമയം, എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം നിറഞ്ഞ സദ്ദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.