എഡിറ്റര്‍
എഡിറ്റര്‍
കോളകള്‍ക്ക് പുഴവെള്ളമെടുക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി; കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍
എഡിറ്റര്‍
Friday 3rd March 2017 8:14am

 

ചെന്നൈ: കൊക്കകോള, പെപ്‌സി കമ്പനികള്‍ക്ക് പുഴവെള്ളമെടുക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി. ശീതള പാനീയങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികള്‍ക്ക് തമഴ്‌നാട്ടിലെ താമിരഭരണി നദിയിലെ വെള്ളം ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കുടിവെള്ള പദ്ധതികള്‍ക്കും ജലസേന പദ്ധതികള്‍ക്കും ഉപയോഗിക്കുന്ന നദീജലം കമ്പനികള്‍ ഊറ്റുന്നത് കൃഷിയെയും ജനജീവിതത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി വിധിക്കെതിരെ പ്രതിഷേധവുമായി നിരവധിപ്പേര്‍ രംഗത്തെത്തി.


Also read സംസ്ഥാന ബജറ്റ് ഇന്ന്; നിക്ഷേപത്തില്‍ ഊന്നുന്ന ബജറ്റെന്ന് തോമസ് ഐസക് 


വിധിയില്‍ പ്രതിഷേധിച്ച് താമിരഭരണി നദിയില്‍ ഇറങ്ങിയ ജനങ്ങള്‍ മുട്ടുവരെയുള്ള വെള്ളത്തില്‍ ഇറങ്ങിനിന്ന് പ്രതിഷേധം പ്രകടിപ്പിച്ചു. പുഴയിലെ ജലം നിരവധി കുടിവെള്ള പദ്ധതികള്‍ക്കും ജലസേചന പദ്ധതികള്‍ക്കുമായി ഉപയോഗിക്കുന്നതാണെന്നും വന്‍തോതില്‍ ജലം ഊറ്റിയെടുക്കുന്ന സാഹചര്യമുണ്ടായാല്‍ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

കൊക്കകോള പെപ്‌സി കമ്പനികള്‍ക്ക് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കാന്‍ പുഴയിലെ വെള്ളം ഉപയോഗിക്കാമെന്നും കുടിവെള്ള പദ്ധതികള്‍ക്കൊന്നും ഈ വെള്ളം ഉപയോഗിക്കരുതെന്നുമായിരുന്നു കോടതി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.
ഇതിനെതിരെ താമിരഭരണിയില്‍ ഒത്തുകൂടിയ ജനങ്ങള്‍ നദിയില്‍ പാലൊഴുക്കിയാണ് പ്രതിഷേധിച്ചത്. വിഷയത്തില്‍ ഇടപെടുന്നതില്‍ അധികൃതരുടെ ഭാഗത്തും നിന്നും വീഴ്ചയുണ്ടായെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നദീജലം ഊറ്റുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത തമിഴ്‌നാട് സര്‍ക്കാരിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

നദിയില്‍ നിന്ന് കമ്പനികള്‍ വെള്ളമെടുക്കരുതെന്ന് കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ കമ്പനികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനികള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജില്‍ താമിരഭരണിയിലെ ജലം തിരുനെല്‍വേലി തുത്തുകുടി ജില്ലയിലുള്ളവര്‍ ജലസേചന പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും കമ്പനികള്‍ വെള്ളമൂറ്റുന്നത് ഈ മേഖലയിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജി നല്‍കിയ ഡി.എ പ്രഭാകരന്‍ വാദം ഉന്നയിച്ചെങ്കിലും ഇവയെല്ലാം തള്ളിയായിരുന്നു കോടതി വിധി.

ഈ മാസം ഒന്നുമുതല്‍ തമിഴ്‌നാട്ടിലെ വ്യാപാരി സംഘടനകള്‍ കോളയുടെയും പെപ്‌സിയുടെയും വില്‍പ്പന നിരോധിച്ചിരുന്നു. ജലം ഊറ്റുന്ന കമ്പനികളുടെ നയത്തിനെതിരായാണ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് കമ്പനികള്‍ക്കനുകൂലമായി കോടതി വിധി വരുന്നത്.

Advertisement