എഡിറ്റര്‍
എഡിറ്റര്‍
മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്
എഡിറ്റര്‍
Monday 25th November 2013 11:52pm

peoplQforvote

ഭോപ്പാല്‍: മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. മദ്ധ്യപ്രദേശില്‍ 70 ശതമാനവും മിസോറാമില്‍ 81 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. മദ്ധ്യപ്രദേശിലെ പ്രശ്‌നബാധിതമായ ചമ്പല്‍ മേഖലയിലുണ്ടായ അക്രമമൊഴിച്ചാല്‍ വോട്ടെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നു.

മധ്യപ്രദേശിലെ 230 സീറ്റിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് തുടങ്ങി  ആദ്യമണിക്കൂറുകള്‍ തൊട്ടേ രണ്ടു സംസ്ഥാനങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്.

ആകെ 270 നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 2725 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് 4.7 കോടിയോളം വരുന്ന വോട്ടര്‍മാര്‍ രേഖപ്പെടുത്തിയത്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കു നേര്‍ മത്സരമാണ് മധ്യപ്രദേശില്‍ നടക്കുന്നത്.

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2008 നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് 65 ശ്തമാനത്തിനടുത്ത് മാത്രമായിരുന്നു. പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച മധ്യപ്രദേശില്‍ ഹാട്രിക് വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനടക്കം 2583 സ്ഥാനാര്‍ത്ഥികളാണ് ഇവിടെയുള്ളത്. 51 ജില്ലകളിലായി 53,896 പോളിങ് ബൂത്തുകള്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരുന്നു.

മിസോറാമില്‍ നാല്‍പ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ലാല്‍ താന്‍ഹാവല്‍യടക്കം 142 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും മിസോറാം നാഷണല്‍ ഫ്രണ്ടും തമ്മിലാണ് പ്രധാനമത്സരം.

സംസ്ഥാനത്തെ 6.9 ലക്ഷം വോട്ടര്‍മാര്‍ക്കായി 1126 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. എം.എന്‍.എഫ്, മിസോറം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, മാറാലാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുടെ കൂട്ടായ്മയായാണ് മിസോറം ഡെമോക്രാറ്റിക് അലയന്‍സ്.

വോട്ട് രേഖപ്പെടുത്തുന്നത് സ്ഥിരീകരിക്കുന്ന രസീത് ലഭിക്കുന്ന വി.വി.പി.എ.ടി സംവിധാനം ഉപയോഗിച്ച് വോട്ടിങ് നടത്തുന്ന ആദ്യ സംസ്ഥാനമെന്ന സവിശേഷതയും മിസോറാമിനുണ്ട്.

Advertisement