ഭോപ്പാല്‍: ഇനി മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ ജയ് ഹിന്ദ് പറഞ്ഞ് മാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളു എന്ന ഉത്തരവിറക്കിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.

മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എകദേശം ഒന്നരലക്ഷത്തിലധികം സ്‌കൂളുകള്‍ നിലവിലുള്ള സംസ്ഥാനത്ത് ഉത്തരവ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭോപ്പാലില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.മാത്രമല്ല സംസ്ഥാനത്തെ സ്വകാര്യസ്‌കൂളുകളിലേക്ക് കൂടി ഈ ഉത്തരവ് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറില്‍ സത്‌ന ജില്ലയില്‍ പരീക്ഷാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് ഒക്ടോബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ നിലവില്‍ വന്നിരുന്നു.

കുട്ടികളില്‍ രാജ്യസ്നേഹം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. പരിപാടി പൂര്‍ണ്ണ വിജയമായാല്‍ സംസ്ഥാനത്താകമാനം വ്യാപിക്കാനാകുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ അഭിപ്രായപ്പെട്ടത്.