പട്ടിണി ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ ഏകദേശം 100 കുട്ടികളാണ് മധ്യപ്രദേശില്‍ മാത്രം പട്ടിണി മൂലം മരിച്ചത്. അഞ്ചില്‍ മൂന്നു കുട്ടികള്‍ ഒരുനേരത്തേ ഭക്ഷണം പോലുമില്ലാതെ ഉറങ്ങുമ്പോള്‍, ഫുഡ് കോര്‍പ്പറേഷന്റ ഗോഡൗണുകളില്‍ ടണ്‍കണക്കിനു ഗോതമ്പ് ചീഞ്ഞളിയുകയാണ്. ആ ധാന്യങ്ങള്‍ പാവപ്പെട്ടവനു കൊടുക്കാന്‍ സര്‍ക്കാര്‍ ആരെയാണ് കാത്തിരിക്കുന്നത്.

സിയോണി ജില്ലയിലെ കോപ്പറേറ്റീവ് സൊസൈറ്റിയിലെ കാര്‍ഷകരില്‍ നിന്നും ശേഖരിച്ച 45,000 മെട്രിക്ക ടണ്‍ ഗോതമ്പാണ് മധ്യപ്രദേശിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ മഴകൊണ്ടു ചീയുന്നത്. സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ 5,000 മെട്രിക് ടണ്‍ ഗോതമ്പ് പുറത്ത് കൂട്ടിയിട്ടിയിരിക്കുകയാണെന്ന് മാനേജര്‍ ബി കെ അഗര്‍വാള്‍ പറയുന്നു. സ്ഥല പരിമിതി കാരണം 40,000 മെട്രിക്ക് ടണ്‍ ഗോതമ്പ് അടുത്ത ജില്ലയിലേക്ക് കയറ്റിയയച്ചു.

സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം 35 കിലോ ഗോതമ്പാണ് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഒരുമാസം വിതരണം ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ ഇവര്‍ക്കു ലഭിക്കുന്നതോ 20-25 കിലോ ഗോതമ്പ് മാത്രം. ബാക്കിയെല്ലാം ചീഞ്ഞു പോവുകയാണ്.ഇക്കാര്യം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് റൈറ്റു ടു ഫുഡ് ക്യാംപയിന്‍ സുപ്രിം കോടതി ഉപദേഷ്ടാവ് സച്ചിന്‍ ജെയിന്‍ പറഞ്ഞു. നശിച്ചു പോവുന്ന ഭക്ഷ്യധാന്യങ്ങള്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ സുപ്രിംകോടതിയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഔദ്യോഗിക കണക്കുപ്രകാരം രാജ്യത്ത് 30 ലക്ഷം മെട്രിക്ക് ടണ്‍ ഗോതമ്പാണ് താല്‍ക്കാലിക ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. അതായത് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഒരുമാസം ഊട്ടാനുള്ള ധാന്യമാണ് എഫ് സി ഐയുടെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെയും മഴനനഞ്ഞും പാഴായിപ്പോവുന്നത് എന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നും.