എഡിറ്റര്‍
എഡിറ്റര്‍
സോണിയാ ഗാന്ധിയ്‌ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസുമായി മധ്യപ്രദേശ് മുഖ്യമന്ത്രി
എഡിറ്റര്‍
Monday 18th November 2013 12:01pm

sonia-gandhi

ഭോപ്പാല്‍: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയ്‌ക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കാന്തി ലാല്‍ ഭൂരിയയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ശിവരാജ് സിങ് ചൗഹാനെതിരെ അഴിമതി ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയതിനെ തുടര്‍ന്നാണ് ഈ നടപടി.

അത്യാഗ്രഹിയായൊരു കുടുംബം മധ്യപ്രദേശിനെ കൊള്ളയടിച്ചു എന്നാണ് പരസ്യത്തില്‍ പറയുന്നത്.

നവംബര്‍ 25-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പൊള്ളയായ അവകാശവാദങ്ങള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

‘ധൈര്യമുള്ളവര്‍ മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്തുകയുള്ളുവെന്നാണ് ചൗഹാന്‍ പറയുന്നത്. എന്നാല്‍ യോദ്ധാക്കള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്താറില്ലെന്നാണ് എന്റെ വിശ്വാസം.’ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് സിന്ധ്യ.

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ബി.ജെ.പി മധ്യപ്രദേശിനെ നശിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയുടെ പ്രകടനപത്രിക നുണകളുടെ ഒരു കെട്ടാണെന്നും അദ്ദേഹം ആരോപിച്ചു. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്.

‘കഴിഞ്ഞ പത്തു വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ നിയമവ്യവസ്ഥ ആകെ തകരാറിലായി.’ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമല്ല ഈ തിരഞ്ഞെടുപ്പെന്നും  ഇത് ജനങ്ങളുടെ ഭാവിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും പറഞ്ഞു.

51,000 രൂപ വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതി തള്ളുമെന്നും സിന്ധ്യ പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന വാഗ്ദാനത്തില്‍ നിന്നും പിന്നാക്കം പോകുന്ന ബി.ജെ.പി കര്‍ഷകവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement