എഡിറ്റര്‍
എഡിറ്റര്‍
പണത്തിനായി രാജ്യരഹസ്യങ്ങള്‍ പാക് ചാരസംഘടനയ്ക്ക് ചോര്‍ത്തിയ കേസില്‍ ബി.ജെ.പി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍
എഡിറ്റര്‍
Friday 10th February 2017 12:43pm

terrorist
ന്യൂദല്‍ഹി: പണത്തിനു വേണ്ടി രാജ്യ രഹസ്യങ്ങള്‍ പാക് ചാരസംഘടനയക്ക് ഒറ്റു കൊടുത്ത  കേസില്‍ ബി.ജെ.പി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ 11 പേരെ മധ്യപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കേസിലാണ് എ.ടി.എസിന്റെ നടപടി.


Also read ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി: മുന്നണി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ബി.ഡി.ജെ.എസ്


എ.ടി.എസ് തലവന്‍ സഞ്ജീവ് ഷാമിയാണ് രാജ്യവിരൂദ്ധ പ്രവര്‍ത്തനം നടത്തിയതിനു പതിനൊന്ന് പേരെ അറസ്റ്റു ചെയ്‌തെന്ന വിവരം പുറത്ത് വിട്ടത്.  അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ ഗ്വാളിയോറില്‍ നിന്നും മൂന്നുപേര്‍ ഭോപ്പാലില്‍ നിന്നുമാണ്. രണ്ടുപേര്‍ ജഭല്‍പൂര്‍ സ്വദേശികളും ഒരാള്‍ സത്ന സ്വദേശിയുമാണ്. ബി.ജെ.പി വനിതാ നേതാവും ഗ്വാളിയോര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വന്ദനാസതീഷ് യാദവിന്റെ ഭര്‍തൃസഹോദരന്‍ ജിതേന്ദ്ര താക്കൂറും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ടെലിഫോണ്‍ ആക്ടിലെ വിവിധ വകുപ്പുകളും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കംനടത്തുക തുടങ്ങിയ  വകുപ്പുകളും ചുമത്തിയാണ് 11 പേര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

ചൈനീസ് ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഇവര്‍ സൈനിക നീക്കങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഇതിനായി ഇവര്‍ സമാന്തര ടെലിഫോണ്‍ എക്സേഞ്ച് തന്നെ ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്. ജമ്മു കാശ്മീരിലെ സൈനിക ഉദ്യോഗസ്ഥന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തി മേഖലയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് നല്‍കുകയായിരുന്നു ഇവര്‍.

അതേസമയം, അറസ്റ്റിലായവരുടെ മുഴുവന്‍ പേരുവിവരങ്ങളും പുറത്തുവിടാന്‍ മധ്യപ്രദേശ് എ.ടി.എസ് ഇന്‍സ്പെക്ടര്‍ ജനറല്‍ സഞ്ജീവ് ഷാമി വിസമ്മതിച്ചു. സത്ന സ്വദേശിയായ ബല്‍റാമാണ് ചാരസംഘത്തിന്റെ സൂത്രധാരനെന്നാണ്  പൊലീസ് പറയുന്നത്. ജമ്മുവില്‍ താമസിച്ച് വരികയായിരുന്ന  ബല്‍റാം ഐ.എസ്‌ഐയുമായി ബന്ധമുണ്ടാക്കി ടെലിഫോണിലൂടെ  നിരന്തരം ബന്ധപ്പെട്ടിരുന്നു. വ്യാജ മേല്‍വിലാസത്തില്‍ നിരവധി സിംകാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ഈയാളുടെ പേരിലായി ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.


Dont miss താങ്കള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലേ, അതിന്റെ അന്തസ്സെങ്കിലും കാണിക്കൂ: മോദിക്കെതിരെ ആഞ്ഞടിച്ച് ഡി. രാജ


കഴിഞ്ഞ വര്‍ഷം കശ്മിരിലെ ആര്‍.എസ്. പുരയില്‍ നിന്ന്  അറസ്റ്റിലായ സത്വീന്ദര്‍, ദാദു എന്നിവരില്‍ നിന്നാണ്. റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ എ.ടി.എസിന് ലഭിക്കുന്നത്. ഐ.എസ്.ഐയ്ക്കായി ചാര പ്രവര്‍ത്തനം നടത്തിയ കേസിനു തന്നെയായിരുന്നു ഇവരും അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റുകള്‍ തുടരുമെന്നാണ് എ.ടി.എസ് വൃത്തങ്ങള്‍ പറയുന്നത്.

അറസ്റ്റിലായ ജിതേന്ദ്ര താക്കൂര്‍ കേന്ദ്രമന്ത്രി നരേന്ദ്രതോമറുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് ആരോപിച്ചു. എന്നാല്‍ ജിതേന്ദ്ര താക്കൂര്‍ പാര്‍ട്ടിയുടെ കൗണ്‍സിലറുടെ ബന്ധുവാണെങ്കിലും അയാള്‍ക്കു ബി.ജെ.പിയുമായോ വന്ദന സതീഷുമായോ ബന്ധമില്ലെന്നാണ് പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ ദേവേഷ് ശര്‍മ പറഞ്ഞത്.

Advertisement