ഭോപ്പാല്‍: രാജസ്ഥാനില്‍ നിന്ന് മധ്യപ്രദേശിലേക്ക് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും നിറച്ച് പോകവെ കാണാതായ ട്രക്കുകളുടെ എണ്ണം യഥാര്‍ഥത്തില്‍ 163 ആണെന്ന് പോലിസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 60 ട്രക്കുകളാണ് കാണാതായതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനിലെ സര്‍ക്കാരിന്റെ ദോല്‍പ്പൂര്‍ ഫാക്ടറിയില്‍ നിന്ന് മധ്യപ്രദേശിലെ ചന്ദേരി, സാഗര്‍ ടൗണ്‍ എന്നിവിടങ്ങളിലേക്ക് സ്‌ഫോടകവസ്തുക്കളുമായി പോവുകയായിരുന്ന ട്രക്കുകളാണ് കാണാതായത്. രണ്ടു കമ്പനികളും നടത്തുന്ന ജയ്കിഷന്‍ അശ്വനി ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ സഹായി രാജേന്ദ്ര ചൗബേയെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സാഗര്‍ലേയ്ക്കു എത്തേണ്ടിയിരുന്ന 60 ട്രക്കുകളും ചന്ദേരിയിലേക്കും എത്തേണ്ടിയിരുന്ന 103 ട്രക്കുകളും അവിടങ്ങളില്‍ എത്തിയില്ലെന്ന് മധ്യപ്രദേശ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ എ കെ സോണി പറഞ്ഞു.

വലിയൊരു റാക്കറ്റിന്റെ സാന്നിധ്യം കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് പോലിസിന്റെ ഭാഷ്യം. അനധികൃതഖനന മാഫിയക്ക് സ്‌ഫോടകവസ്തുക്കള്‍ മറിച്ചു വിറ്റിരിക്കാമെന്നാണ് പോലിസ് കരുതുന്നത്. എന്നാല്‍ മാവോവാദികളുടെയും, ഭീകരപ്രവര്‍ത്തകരുടെയും കൈകളില്‍ സ്‌ഫോടക വസ്തുക്കള്‍ എത്താനുള്ള സാധ്യതയെയും പോലിസ് തള്ളിക്കളയുന്നില്ല.