വിവാഹത്തോടെ ഇന്ത്യയോട് വിടപറഞ്ഞ ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് 15വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയിലെത്തി. കുട്ടികളോടും കുടുംബത്തോടുമൊപ്പം ഇനി മുംബൈയില്‍ ജീവിക്കാനാണ് നടിയുടെ തീരുമാനം.

ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ആദ്യമേ തീരുമാനിച്ചിരുന്നതാണെന്നും തന്റെ കുട്ടികള്‍ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ വളരണമെന്ന് ആഗ്രഹിക്കുന്നതായും മാധുരി പറഞ്ഞു. ‘ഇന്ത്യയിലേക്ക് മടങ്ങിവരുന്നതില്‍ കുട്ടികളും ഏറെ സന്തോഷത്തിലാണ്. എന്റെ തിരിച്ചുവരവ് എല്ലാ ഫാന്‍സിനും സന്തോഷം നല്‍കുമെന്ന് തീര്‍ച്ചയാണ്.’ മാധുരി പറഞ്ഞു.

മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ ആരിനും ഒന്നാം ക്ലാസുകാരനായ റിയാനും പഠിക്കാനായി നല്ലൊരു സ്‌ക്കൂള്‍ നോക്കുകയാണ് മാധുരി. മുംബൈയിലെ ഉന്നതമായ ആശുപത്രിയില്‍ ജോലി ചെയ്യാനാണ് ഭര്‍ത്താവ് ഡോ. നീന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സൗന്ദര്യത്തിന്റെ മൂര്‍ത്തിമത്ഭാവമെന്ന് വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ വിശേഷിപ്പിച്ച മാധുരി 1999 ല്‍ വിവാഹശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ശ്രീറാം നേനെയാണ് ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്.

അമേരിക്കയില്‍കുടിയേറിയെങ്കിലും ബോളിവുഡിനെ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നില്ല മാധുരി. 2007 ല്‍ പുറത്തിറങ്ങിയ ആജാ നാച്‌ലേയായിരുന്നു ബോളിവുഡിലെ മാധുരിയുടെ അവസാന ചിത്രം. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാധുരി വീണ്ടും ബോളിവുഡില്‍ സാജീവമാകുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.എന്നാല്‍ സിനിമയിലേക്കുള്ള തിരിച്ചുവരവ്കൂടിയാണോ ഇത് എന്നതിനെക്കുറിച്ച് നടി യാതൊരു സൂചനയും നല്‍കിയിട്ടില്ല.