മുംബൈ: വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ ബോളിവുഡിലെ മുന്‍കാല ഒന്നാം നമ്പര്‍ നായിക മാധുരി ദീക്ഷിത്. ഭര്‍ത്താവ് ശ്രീറാം മാധവിമായി പിണക്കത്തിലാണ് താനെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മാധുരി പ്രതികരിച്ചത്.

‘ ഞാന്‍ വിവാഹജീവിതം ആസ്വദിക്കുകയാണ്. ഞങ്ങളുടെ കൂടുംബം ഇന്ത്യയിലേക്കുള്ള വഴിയിലാണ് ‘ മാധുരി ട്വീറ്റ് ചെയ്തു.

മാധുരി ദീക്ഷിതിന്റെ ദാമ്പത്യം തകര്‍ന്നെന്ന് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. മാധുരി ഉടന്‍ വിവാഹമോചനത്തിന് ഒരുങ്ങിയേക്കുമെന്ന് ബോളിവുഡില്‍ ചില പാപ്പരാസിള്‍ പ്രചരിപ്പിച്ചിരുന്നു.

സകുടുംബം അമേരിക്കയില്‍ കഴിയുന്ന മാധുരി അടുത്തുതന്നെ ഇന്ത്യയില്‍ താമസമാക്കുമെന്ന് അറിയിച്ചിരുന്നു. വിവാഹ ബന്ധത്തിലുള്ള വിള്ളലുകളാണ് ഇന്ത്യയില്‍ തിരിച്ചെത്താന്‍ നടിയെ പ്രേരിപ്പിച്ചതെന്ന് പ്രചരണവും പിന്നാലെയുണ്ടായിരുന്നു.

1999ലാണ് മാധുരി വിവാഹിതയായത്. അമേരിക്കയില്‍ ഡോക്ടറായ ശ്രീരാം മാധവിന്റെ ഭാര്യയായശേഷം മാധുരി അഭിനയത്തോട് വിടപറഞ്ഞ് അമേരിക്കയിലേക്ക് താമസം മാറ്റിയിരിക്കുകയായിരുന്നു. അന്നുമുതല്‍ കുടുംബത്തിനേക്കാള്‍ കൂടതല്‍ പ്രാധാന്യം മറ്റൊന്നിനും മാധുരി നല്‍കിയിട്ടില്ല. കുട്ടികളായ ആരിന്‍, റിയാന്‍ എന്നിവരുടെ കാര്യങ്ങളും നോക്കി അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു മാധുരി ചെയ്തത്.

വിവാഹശേഷം ബോളിവുഡില്‍നിന്നും അകന്ന മാധുരി 2007 ല്‍ ഭആജാ നാച്ച്‌ലെ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതു കൂടാതെ അടുത്തിടെയായി ടെലിവിഷന്‍ മെഗാഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. മടങ്ങിവരവില്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനായും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. അതിനായി തന്നെ സമീപിക്കുന്ന നിര്‍മ്മാതാക്കളില്‍നിന്നും ഓഫറുകള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.

2008 ല്‍ ആജാ നാച്‌ലെയിലെ അഭിനയത്തിന് ഫിലിംഫെയര്‍ അവാര്‍ഡും 2011ല്‍ അഭിനയത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന് സ്‌പെഷല്‍ അവാര്‍ഡ് നല്‍കിയും ബോളിവുഡ് മാധുരിക്ക് സ്വീകരണവും നല്‍കിയിരുന്നു.