ഇഷ്‌കിയയിലെ അഭിനയത്തിലൂടെ ഹിന്ദി സിനിമാലോകത്ത് ഏറെ പ്രശംസകള്‍ നേടിയ മലയാളിതാരം വിദ്യാബാലന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും പുറത്ത്. വിദ്യയ്ക്ക് പകരം മാധുരിയാണ് ചിത്രത്തിലെത്തുന്നത്.

തന്നെ ഒഴിവാക്കിയ നിര്‍മ്മാതാക്കളുടെ നീക്കം വിദ്യയെ ഞെട്ടിച്ചിരിക്കുകയാണ്. ഇഷ്‌കിയ2 വിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് വിദ്യയ്ക്ക് അനുയോജ്യമായ രീതിയിലല്ലാത്തതിനാലാണ് മാധുരിയെ തേടിയതെന്നാണ് സംവിധായകന്‍ അഭിഷേക് ചൗബെയുടെ ന്യായീകരണം.

അണിയറപ്രവര്‍ത്തകരുടെ നീക്കം പ്രേക്ഷകരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. വിദ്യ അടുത്തുള്ള വേദിയില്‍ നിന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നു എന്ന് നിര്‍മ്മാതാവ് വിശാല്‍ ഭരദ്വാജ് പ്രഖ്യാപിച്ചത്. വിദ്യ സിനിമയിലുണ്ടാവും എന്ന മട്ടിലാണ് വിശാല്‍ ആ സമയത്ത് സംസാരിച്ചത്. എന്നാല്‍ പെട്ടെന്ന് ചിത്രത്തില്‍ നിന്നും വിദ്യയെ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.

അടുത്തിടെ നടന്ന ഒരുപരിപാടിയില്‍ ഇഷ്‌കിയ 2 വിലേക്ക് നായകനിരയില്‍ ഹോളിവുഡ് നടന്‍ ഹ്യൂജാക്മാനേയും ഷാരൂഖ് ഖാനേയും ഉള്‍പ്പെടുത്തിയാല്‍ കൊള്ളാമെന്ന് വിദ്യ തമാശയായി പറഞ്ഞിരുന്നു. അതാണ് വിദ്യയ്ക്ക് വിനയായതെന്നാണ് പിന്നാമ്പുറ സംസാരം.

അതിനിടെ ചിത്രത്തില്‍ അഭിനയിക്കാന്‍ മാധുരി വലിയ തുക പ്രതിഫലം ചോദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഏതായാലും മണി വിഷയമായില്ലെങ്കില്‍ മാധുരി തന്നെയാകും നായിക.

ഡര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുന്ന തിരക്കിലാണ് വിദ്യാബാലനിപ്പോള്‍.