എഡിറ്റര്‍
എഡിറ്റര്‍
ഒഴിമുറി തിയേറ്ററുകളിലേക്ക്
എഡിറ്റര്‍
Tuesday 4th September 2012 9:54am

തലപ്പാവിന് ശേഷം നടന്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒഴിമുറി’ തിയേറ്ററുകളിലേക്ക്. കേരളത്തിന്റെ ഭാഗമായിരുന്ന കാലത്ത് കന്യാകുമാരിയിലെ നായര്‍കുടുംബത്തില്‍ നടക്കുന്ന കഥയാണ് ഒഴിമുറിയുടേത്.

കന്യാകുമാരി ജില്ലയിലെ തക്കല, തിരുവട്ടാര്‍ ഭാഗങ്ങളിലാണ് ഒഴിമുറി ചിത്രീകരിച്ചത്. കേരളം വിഭജിക്കപ്പെടുന്നതിന് മുമ്പ് ഇന്നത്തെ കന്യാകുമാരി ജില്ല കേരളത്തിലായിരുന്നു. ഇന്നും കേരളീയ സംസ്‌കാരം നിലനില്‍ക്കുന്ന അനേകം മലയാളി കുടുംബങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേകിച്ചും നായര്‍ കുടുംബങ്ങള്‍. ഈ നായര്‍ കുടുംബങ്ങളില്‍ ഒരുകാലത്ത് നിലനിന്നുപോന്നിരുന്ന ചില വ്യവസ്ഥിതികളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

Ads By Google

അങ്ങാടിത്തെരു, നാന്‍കടവുള്‍, മണിരത്‌നം സംവിധാനം ചെയ്യുന്ന കടല്‍ എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച തമിഴ് എഴുത്തുകാരന്‍ ജയമോഹന്റേതാണ് തിരക്കഥ. ലാലാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, ഭാവന, മല്ലിക എന്നിവരും ഒഴിമുറിയിലുണ്ട്.

അക്കാലത്ത് ഇവിടങ്ങളിലെ നായര്‍കുടുംബങ്ങളില്‍ സ്ത്രീമേധാവിത്വമാണ് നിലനിന്നുപോന്നിരുന്നത്. പുരുഷന്മാര്‍ക്ക് സ്ഥാനം കുറവ്. അങ്ങനെയൊരു കുടുംബത്തില്‍ പിറന്നതാണ് താണുപിള്ള. ചെറുപ്പംമുതല്‍തന്നെ താണുപിള്ള കണ്ടുവളര്‍ന്നത് ഈ സ്ത്രീമേധാവിത്വമാണ്. അച്ഛന്‍ അമ്മയുടെ മുന്നില്‍ ഭയഭക്തിബഹുമാനത്തോടെ നില്‍ക്കുന്നത് കാണുമ്പോള്‍ അച്ഛനോട് അനുകമ്പയും അമ്മയോട് ദേഷ്യവുമാണ് താണുപിള്ളയ്ക്ക് തോന്നിയത്. ഈ ദേഷ്യം ഒരുതരം പ്രതികാരത്തോടെയാണ് താണുപിള്ള വീക്ഷിച്ചത്.

അങ്ങനെ വളര്‍ന്ന താണുപിള്ള വിവാഹംകഴിച്ചപ്പോഴും ഭാര്യയോട് ഇങ്ങനെയൊരു അമര്‍ഷം പ്രകടിപ്പിച്ചുപോന്നു. ഭാര്യ മീനാക്ഷിയോട് ഉള്ളില്‍ സ്‌നേഹവും പുറമെ പരുക്കന്‍ സ്വഭാവവും പ്രകടിപ്പിക്കുന്ന രീതി. ഇത് കണ്ട് മറ്റൊരാള്‍ ആ കുടുംബത്തില്‍ വളരുന്നുണ്ടായിരുന്നു. താണുപിള്ളയുടെ മകന്‍ ശരത്ചന്ദ്രന്‍.

കുടുംബത്തിലെ സ്വത്തിന്റെപേരില്‍ വ്യവഹാരവും കോടതിയും നിയമങ്ങളുമൊക്കെയായി. അങ്ങനെ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടാണ് അഡ്വ. ബാലാമണി എത്തുന്നത്. ബാലയുടെ ഈ സാന്നിധ്യം ശരത്ചന്ദ്രനുമായി പുതിയ ബന്ധത്തിനും വഴിതെളിയിക്കുന്നതായിരുന്നു. ഇതെല്ലാം ഏറെ രസകരമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് മധുപാല്‍ ‘ഒഴിമുറി’ എന്ന ചിത്രത്തിലൂടെ.

ലാല്‍, താണുപിള്ളയെ അവതരിപ്പിക്കുന്നു. ശരത്ചന്ദ്രന്‍, ബാല എന്നിവരെ അവതരിപ്പിക്കുന്നത് ആസിഫ് അലിയും ഭാവനയുമാണ്. മല്ലികയാണ് മീനാക്ഷിയെ അവതരിപ്പിക്കുന്നത്. ജഗദീഷ്, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, നന്ദുലാല്‍, എം.ആര്‍. ഗോപകുമാര്‍, ബാലാജി, കൃഷ്ണന്‍ എന്നിവരും നിരവധി അമെച്വര്‍ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ബാരിക്കുശേഷം നടി മല്ലികയ്ക്ക് ലഭിച്ച ശക്തമായ കഥാപാത്രമാണ് ഒഴിമുറിയിലേത്. ചിത്രത്തില്‍ 55 കാരിയുടെ വേഷത്തിലാണ് മല്ലികയെത്തുന്നത്. ഇത്രയും പ്രായമായ കഥാപാത്രം ചെയ്യുമ്പോള്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ മധുപാലിന്റെ നിര്‍ദേശങ്ങള്‍ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ തന്നെ സഹായിച്ചെന്നും മല്ലിക പറഞ്ഞു.

വയലാര്‍ ശരത്ചന്ദ്രവര്‍മയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ തയ്യാറാക്കിയത്. എം. ജയചന്ദ്രന്റേതാണ് സംഗീതം.

Advertisement