തിരുവനന്തപുരം: നടന്‍ മധുവിനും കെ.പി.എ.സി ലളിതക്കും ആറന്മുള പൊന്നമ്മക്കും പത്മ പുരസ്‌കാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു കേരളത്തിന്റെ ശുപാര്‍ശ. ഇവരുടേതുള്‍പ്പടെ 16 പേരുകളാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച പട്ടികയിലുള്ളത്.

കഴിഞ്ഞ മാസം ഒടുവിലാണ് മന്ത്രിസഭാ യോഗം പട്ടിക അംഗീകരിച്ചത്. വിവാദ കരിമണല്‍ വ്യവസായി എസ്.എന്‍. ശശിധരന്‍ കര്‍ത്തയ്ക്കു പുറമേ, കിറ്റക്‌സ് – അന്ന അലൂമിനിയം സിഎംഡി എം.സി.ജേക്കബ്, എഴുത്തുകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍, തിരുവനന്തപുരത്തെ കിംസ് ആശുപത്രി എംഡി ഡോ.സഅദുല്ല, തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ഡോ. ആസാദ് മൂപ്പനാണ് മറ്റൊരു വ്യവസായ പ്രമുഖന്‍.

Subscribe Us:

കഴിഞ്ഞ വര്‍ഷം കേരളം അയച്ച പട്ടിക വിവാദമായെങ്കിലും പ്രമുഖ വ്യവസായ ഡോ. രവി പിള്ളയ്ക്ക് അതേ പട്ടികയില്‍ നിന്നു പത്മശ്രീ ലഭിച്ചിരുന്നു. ശശിധരന്‍ കര്‍ത്തയുടെയും രവി പിള്ളയുടെയും പേരുകളാണ് വിവാദത്തില്‍പെട്ടത്. ഇത്തവണ ദല്‍ഹി വഴികൂടി സ്വാധീനം ഉറപ്പിച്ച ശേഷമാണ് കര്‍ത്ത കേരളത്തിന്റെ ലിസ്റ്റില്‍ കയറിപ്പറ്റിയതെന്നാണു സൂചന.

പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങളില്‍ ചിലത് മലയാള സിനിമയില്‍ ഇക്കുറി രണ്ടുപേര്‍ ഉറപ്പാക്കിയെങ്കിലും മധുവിനും ലളിതയ്ക്കുമൊപ്പം ഇടംപിടിക്കാന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷവും സജീവമായി പറഞ്ഞുകേട്ട പേരുകളില്‍ സുരേഷ്‌ഗോപിയുമുണ്ടായിരുന്നു. പക്ഷേ, സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ മുത്തശ്ശിയാണ് ആറന്മുള പൊന്നമ്മ എന്നതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിലേയ്ക്ക് പത്മയുടെ തിളക്കമേത്തിയേക്കും.

ഫുട്‌ബോളില്‍ കേരളത്തിന്റെ കറുത്ത മുത്ത് ഐ.എം.വിജയന്‍, പ്രമുഖ സംവിധായകന്‍ ഷാജി എന്‍. കരുണ്‍, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ.വി.പി.ഗംഗാധരന്‍ തുടങ്ങിയവരും പട്ടികയിലെ പ്രമുഖരാണ്.