പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തിന് നടന്‍ മധുവിന്റെ പിന്തുണ. മലയാളസിനിമയിലെ അണിയറക്കഥകള്‍ പ്രമേയമാക്കി ഇറങ്ങിയ ചിത്രം ഇതിനകം തന്നെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീനിവാസന്‍ മോഹന്‍ലാലിനെ മനപൂര്‍വ്വം കളിയാക്കാനുള്ള ശ്രമം നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനിയെ പിന്തുണച്ച് മധു രംഗത്തെത്തിയിരിക്കുന്നത്.

നടനും തിരക്കഥാകൃത്തും സംവിധായനുമായി ശ്രീനിയ്ക്ക് സിനിമയ്ക്ക് മുന്നിലെയും പിന്നിലെയും കളികളെക്കുറിച്ച് നന്നായി അറിയാം. അതുകൊണ്ട് അതിനെയെല്ലാം നല്ല രീതിയില്‍ വിമര്‍ശിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് മധു പറഞ്ഞു.

പഴയകാല സൂപ്പര്‍സ്റ്റാറുകളെ ഇതുപോലെ കളിയാക്കാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിനോട് മധുവിന്റെ പ്രതികരണം ഇങ്ങനെ. ‘താരങ്ങളെ കളിയാക്കുന്നത് സ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമല്ല. സിനിമയുടെ പിന്നാമ്പുറക്കളികളെ സംബന്ധിച്ചുള്ള അറിവും പ്രധാനമാണ്.’

പഴയകാല തിരക്കഥാകൃത്തുക്കള്‍ക്ക് നടന്‍മാരുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. നടന്‍മാരുടെ വ്യക്തിജീവിതത്തെക്കുറിച്ചോ ബന്ധങ്ങളെക്കുറിച്ചോ എന്തിന് സിനിമാ ജീവിതത്തെക്കുറിച്ചുപോലും അവര്‍ക്ക് വലിയ അറിവുണ്ടായിരുന്നില്ല. അതിനാല്‍ പഴയകാല നടന്‍മാരെ വിമര്‍ശിക്കാന്‍ തിരക്കഥകൃത്തുക്കള്‍ക്ക് കഴിയില്ല. സിനിമയുടെ അണിയറക്കഥകള്‍ നന്നായി അറിയുന്നവര്‍ക്കേ അതിനെ വിമര്‍ശിക്കാനും പരിഹസിക്കാനും കഴിയൂവെന്നും മധു വ്യക്തമാക്കി.