Categories

എസ് ബാന്‍ഡ്: പുനരന്വേഷണം വേണമെന്ന് പ്രധാനമന്ത്രിക്ക് മാധവന്‍ നായരുടെ കത്ത്

ബാംഗ്ലൂര്‍: ആന്‍ട്രിക്‌സ്-ദേവാസ് എസ് ബാന്‍ഡ് ഇടപാടിനെക്കുറിച്ച് പുനരന്വേഷണം വേണമെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ആവശ്യപ്പെട്ടു. പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ച കത്തിലാണ് മാധാവന്‍ നായര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണ സ്വാമിക്കാണ് കത്ത് നല്‍കിയത്.

രാജിവച്ച ബഹിരാകാശ കമ്മിഷന്‍ അംഗം ആര്‍. നരസിംഹയുടെ സേവനം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധവന്‍ നായരടക്കമുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ആര്‍. നരസിംഹ രാജിവെച്ചത്. 20 വര്‍ഷമായി ബഹിരാകാശ കമ്മിഷന്‍ അംഗമായിരുന്നു ആര്‍. നരസിംഹ.

ദേവാസ് മള്‍ട്ടി മീഡിയയും ഐ.എസ്.ആര്‍.ഒക്കു കീഴിലെ വ്യാപാര വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനും തമ്മില്‍ 2005 ജനുവരി 28ന് ആണു കരാര്‍ ഒപ്പുവച്ചത്. ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കാനിരിക്കുന്ന രണ്ട് ഉപഗ്രഹങ്ങളിലെ 90% ട്രാന്‍സ്‌പോണ്ടറുകള്‍ സ്വകാര്യ കമ്പനിയായ ദേവാസിന് നല്‍കിയതാണു വിവാദമായത്. 70 മെഗാഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം 1000 കോടി രൂപയ്ക്കു നല്‍കാനുള്ളതായിരുന്നു കരാര്‍.

ആന്‍ട്രിക്‌സ് ദേവാസ് എസ് ബാന്‍ഡ് ഇടപാട് വിവാദമായതിനെ തുടര്‍ന്നാണ് അഞ്ചംഗ ഉന്നതതല സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭരണപരമായും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും ഗുരുതരമായ വീഴ്ച ഉണ്ടായെന്നും കരാറില്‍ ഉള്‍പ്പെട്ട ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായരുടെയും ശാസ്ത്രജ്ഞരുടെയും ഭാഗത്തുനിന്ന് സുതാര്യതയില്ലാത്ത സമീപനം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധവന്‍ നായര്‍ക്കും മറ്റ് മൂന്ന് പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു. മാധവന്‍ ൃ നായര്‍ക്കു പുറമെ ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിഫിക് സെക്രട്ടറി എ. ഭാസ്‌കര നാരായണ, ആന്‍ട്രിക്‌സ് മുന്‍ എം.ഡി കെ.ആര്‍. ശ്രീധരമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ ഉപഗ്രഹകേന്ദ്രം മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവര്‍ക്കാണ് സര്‍ക്കാര്‍ പദവികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

മാധവന്‍ നായര്‍ വീഴ്ച വരുത്തിയെന്ന് എസ് ബാന്‍ഡ് അന്വേഷണ റിപ്പോര്‍ട്ട്
ഐ.എസ്.ആര്‍.ഒ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് മാധവന്‍ നായര്‍
ആന്‍ട്രിക്‌സ്-ദേവാസ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തിപരമല്ല: ഡോ.കെ രാധാകൃഷ്ണന്‍

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.