താന്‍ നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ അനന്യ നായികയാകുമെന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്ന് മാധവന്‍. ഒരു വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ ഈ വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നത്.

മാധവനെ നായകനാക്കി രാംഗോപാല്‍വര്‍മ്മയുടെ സഹായി അജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ അനന്യ നായികയാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നാടോടികള്‍ ഫെയിം അനന്യ താങ്കളുടെ നായികയാകുമെന്ന് റിപ്പോര്‍ട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മാധവന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘എനിക്കറിയില്ല ഈ അനന്യ ആരാണെന്ന്. ഇങ്ങനെയൊരു തിരക്കഥയെപറ്റിയോ, രാംഗോപാല്‍ വര്‍മ്മയുടെ അസിസ്റ്റന്റിനെക്കുറിച്ചോ എനിക്കറിയില്ല. ഈ കാര്യങ്ങളൊക്കെ ആരോ കെട്ടിച്ചമച്ചതാണ്.’

മാധവന്റെ അടുത്തിടെ റീലീസായ ബോളിവുഡ് ചിത്രം ‘തനു വെഡ്‌സ് മനു’ ബോക്‌സോഫീസ് ഹിറ്റായിരുന്നു. ആദ്യ ആഴ്ചയില്‍ തന്നെ ഈ ചിത്രം 18.56 കോടി രൂപ കലക്ട് ചെയ്തിരുന്നു.

അടുത്തുതന്നെ തന്റെ രണ്ട് ഹിന്ദി ചിത്രങ്ങള്‍കൂടി പുറത്തിറങ്ങുമെന്ന് മാധവന്‍ പറഞ്ഞു. എന്നാല്‍ എഗ്രമെന്റ് സൈന്‍ ചെയ്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തൂ എന്ന ഉറച്ച നിലപാടിലാണ് താരം. തമിഴില്‍ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ‘വേട്ടൈ’ എന്ന ചിത്രത്തിലും നായകന്‍ മാധവന്‍ തന്നെ. ‘വേട്ടൈ’യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

തന്റെ ജീവിതത്തിലെ ഏറ്റവും തിരക്കേറിയ സമയമാണിതെന്നാണ് നടന്‍ പറയുന്നത്. സിനിമകളില്ലാതെ വീട്ടിലിരുന്ന സമയത്ത് തന്റെ ഭാര്യയും സുഹൃത്തുകളും തന്റെ പ്രേചോദനമാണ് ഈ നിലയിലേക്ക് താന്‍ എത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.