abdunnasir madaniബംഗളൂരു: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ലെന്ന് തമിഴ്‌നാട് തീവ്രവാദ വിരുദ്ധ സ്‌കോഡ് അറിയിച്ചു. സുരക്ഷാ കാര്യങ്ങളും അനാരോഗ്യവും കണക്കിലെടുത്താണ് മഅദനിയെ ഹാജരാക്കേണ്ടെന്ന് തീരുമാനിച്ചത്. 2002 ഡിസംബര്‍ 30ന് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസിലാണ് മഅദനിയെ കോടതിയില്‍ ഹാജരാക്കാനിരുന്നത്.

മഅദനിയെ ഹജരാക്കാന്‍ ബാംഗ്ലര്‍ സ്‌ഫോടനക്കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞദിവസം അനുവദിച്ചിരുന്നു. ഇതിനുസരിച്ച് മഅദനിയെ ബാംഗ്ലൂരില്‍ നിന്നും കോയമ്പത്തൂരിലെത്തിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളും മഅദനിയുടെ ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് അദ്ദേഹത്തെ ഹാജരാക്കേണ്ടതില്ലെന്ന് തമിഴ്‌നാട് തീവ്രവാദ വിരുദ്ധ സ്‌കോഡ് തീരുമാനിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിനടപടികളില്‍ മഅദനിയെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

Subscribe Us:

ബാംഗഌര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബാംഗളൂരില്‍ ജയിലില്‍ കഴിയുന്ന മഅദനിയെ തിങ്കളാഴ്ച മൂന്ന് മണിക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച കോയമ്പത്തൂര്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറണ്ട് പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് കേസില്‍ മഅദനിയെ പ്രതി ചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ വിചാരണ തടവുകാരനായി മഅദനി കഴിയുന്ന സമയത്താണ് കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ജയിലില്‍ കഴിയുന്ന മഅദനിയെ സന്ദര്‍ശിക്കാനെത്തിയ ഭാര്യ സൂഫിയയില്‍ നിന്നും സിംകാര്‍ഡും മറ്റും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രസ് ക്ലബ്ബില്‍ സ്‌ഫോടനം നടത്തുന്നതിന് ബോംബുകള്‍ വെച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തില്‍ എറണാകുളം കാക്കനാട് സ്വദേശി ഷബീര്‍, കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ് എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.